“തീയിൽ കുരുത്ത പാർട്ടിയാണിത് ഇതു വെയിലത്തു വാടില്ല.” മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു

“തീയിൽ കുരുത്ത പാർട്ടിയാണിത് ഇതു വെയിലത്തു വാടില്ല.” മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു തദ്ദേശഭരണ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ‘ദേശാഭിമാനി വാരിക’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് പരാമർശം. ക‍ഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരും സിപിഐ എമ്മും കേരളത്തിൽ നേരിടുന്ന അഭൂതപൂർവ്വമായ ആക്രമണത്തെ പരാമർശിക്കുന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം അക്ഷരാർത്ഥത്തിൽ ശരിവച്ചു തെരഞ്ഞെടുപ്പു ഫലം.

“പ്രശ്നകാലഘട്ടങ്ങളിലൂടെ കടന്നുവന്ന കമ്യൂണിസ്റ്റുകാരൻ എന്ന നിലയ്ക്ക് സിപിഐ എമ്മിന്റെ മുന്നിൽ ഇപ്പോ‍ഴുള്ള പ്രശ്നകാലത്തെ എങ്ങനെ വിലയിരുത്തും, പാർട്ടി എങ്ങനെ ഈ പ്രശ്നകാലത്തെ അതിജീവിക്കും” എന്നതായിരുന്നു ചോദ്യം.

“തീയിൽ കുരുത്ത പാർട്ടിയാണിത്. ഇതു വെയിലത്തു വാടില്ല. ചരിത്രം എത്രയോ വട്ടം ഇക്കാര്യം തെളിയിച്ചിരിക്കുന്നു. ഇതിന്റെ പാഠം പഠിക്കാതെ ആക്രമിച്ചു നിശ്ശേഷം തകർത്തു കളയാം എന്നു കരുതുന്നവരോട് സഹതാപമേയുള്ളൂ” – എന്ന ആമുഖവാക്യങ്ങളോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യത്തോടു പ്രതികരിച്ചത്.

“ഇതു ജനങ്ങളുടെ പ്രസ്ഥാനമാണ്. തൊ‍ഴിലാളിയുടെ പ്രസ്ഥാനമാണ്. അവർക്ക് ഇതല്ലാതെ മറ്റൊരു പ്രസ്ഥാനവുമില്ല. അവർതന്നെ ഏതു പ്രതിസന്ധിയിൽനിന്നും ഇതിനെ രക്ഷിക്കും. ഒരു വിധ വ്യാജപ്രചാരണങ്ങൾക്കും തങ്ങളുടെ ജീവിതത്തെ ഗുണപരമായി മാറ്റിയെടുത്ത പ്രസ്ഥാനത്തെക്കുറിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ക‍ഴിയില്ല” – അദ്ദേഹം വിലയിരുത്തി.

“സാമ്രാജ്യത്വത്തിന്റെ, അതിന്റെ ചൊല്പടിക്കുള്ള സാമ്പത്തികനയങ്ങളുടെ, വർഗ്ഗീയതയുടെ, ഛിദ്രീകരണപ്രവണതകളുടെ ഒക്കെ എതിർസ്ഥാനത്ത് ശക്തമായി, വിട്ടുവീ‍ഴ്ച ചെയ്യാതെ നിലകൊള്ളുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അത് ജനങ്ങൾക്കറിയാം” എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉത്തരം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയുമായി അഭിമുഖസംഭാഷണം നടത്തിയത് കൈരളി ന്യൂസിന്റെ ന്യൂസ് ഡയറക്ടർ എൻ. പി. ചന്ദ്രശേഖരനാണ്. രാഷ്ട്രീയനിലപാടുകൾക്കൊപ്പം ബാല്യത്തെപ്പറ്റിയും മാതാപിതാക്കളെപ്പറ്റിയും ജ്യേഷ്ഠനെയും കുടുംബത്തെയും പറ്റിയും പരാമർശിക്കുന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ അഭിമുഖത്തിൽ. ‘ഇത് ജനങ്ങളുടെ പ്രസ്ഥാനം’ എന്ന തലക്കെട്ടിൽ കവർ സ്ററോറിയായി അഭിമുഖം പ്രസിദ്ധീകരിച്ചത് ഡിസംബർ 20ന്റെ ദേശാഭിമാനി വാരികയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here