ഷിഗല്ല രോഗം; ജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കൈകള്‍ സോപ്പിട്ട് കഴുകുക, വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

ഷിഗല്ല സ്ഥിരീകരിച്ച ഉടനെത്തന്നെ ആരോഗ്യവകുപ്പ് ഇടപെട്ടു. മെഡിക്കല്‍ ക്യാമ്പ് നടത്തുകയും പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കിണറുകളെല്ലാം സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്തു. ആരോഗ്യവകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മുന്‍വര്‍ഷങ്ങളില്‍ പലപ്പോഴും ചിലപ്രദേശങ്ങളില്‍ ഷിഗല്ലയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിച്ചേരുന്നത്. ഷിഗല്ല ബാധിച്ചയാളുടെ വിസര്‍ജ്യത്തില്‍ നിന്ന് ഈ ബാക്ടീരിയ വെള്ളത്തില്‍ കലരാന്‍ ഇടയായാല്‍ ആ വെള്ളം തിളപ്പിച്ച് ഉപയോഗിക്കാതിരുന്നാല്‍ മറ്റുള്ളവരിലേക്കും ബാക്ടീയ എത്തും. അതുകൊണ്ട് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

11 വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരണപ്പെടാന്‍ ഇടയായപ്പോഴാണ് ഈ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നെങ്കിലും സമയോചിതമായി ഇടപെടാനായി. 50ല്‍ താഴെ ആളുകളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

കുട്ടികളിലാണ് കൂടുതലായും ബാക്ടീരിയ കണ്ടെത്തിയത്. ചിലര്‍ രോഗമുക്തരായി മടങ്ങുകയും മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയുമാണ്. കുടിവെള്ളം മലിനമാകാതെ സൂക്ഷിച്ചും വ്യക്തി ശുചിത്വം പാലിച്ചും ഷിഗല്ലയെ അകറ്റി നിര്‍ത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് ലെെവിലാണ് മന്ത്രി ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News