തദ്ദേശ തെരഞ്ഞെടുപ്പ്: ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനും കോര്‍പ്പറേഷനില്‍ രാവിലെ 11.30നുമാണ് ചടങ്ങ്. കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാവും ചടങ്ങ് നടക്കുക.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ ജില്ലാ കളക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു ചുമതലയേല്‍ക്കുന്നതിനായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ചേരും. മുതിര്‍ന്ന അംഗത്തിന്‍റെ അധ്യക്ഷതയില്‍ ആവും യോഗം ചേരുക . അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വായിക്കും.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂര്‍ത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് ചടങ്ങ് നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമോ ആയ ഒരാളെ മാത്രമേ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിപ്പിക്കൂ അധികാരമേല്‍ക്കല്‍ ചടങ്ങു നടക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്ത് ആള്‍ക്കൂട്ടമോ കൂട്ടംകൂടിയുള്ള മറ്റ് ആഘോഷ പരിപാടികളോ പാടില്ല.

മുനിസിപ്പല്‍ അധ്യക്ഷന്‍റെയും, കോര്‍പ്പറേഷന്‍ മേയറുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 28നു രാവിലെ 11ന് നടക്കും, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചയ്ക്ക് നടക്കും.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടിനും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News