രാജ്യതലസ്ഥാനത്തേക്ക് കര്‍ഷക പ്രവാഹം; നാസിക്കില്‍ നിന്ന് ദില്ലിയിലേക്ക് കര്‍ഷകരുടെ ലോങ്മാര്‍ച്ച് ഇന്ന്

അവഗണിച്ചാല്‍ അശക്തരാകില്ലെന്ന പ്രഖ്യാപനവുമായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാവാന്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ വാഹന ജാഥകളായി ദില്ലിയിലേക്കെത്തും. മഹാരാഷ്ട്രയിലെ 21 ജില്ലയിൽനിന്നുള്ള കർഷകർ നൂറുകണക്കിനു വാഹനങ്ങളിലായി ജാഥയിൽ പങ്കെടുക്കും. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജെ പി ഗാവിത്‌, കിസാൻ ഗുജർ, ഡോ. അജിത്‌ നവാലെ എന്നിവർ ജാഥയ്‌ക്ക്‌ നേതൃത്വം നൽകും. മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജാഥ.

രാവിലെ നാസിക്‌ ഗോൾഫ്‌ ക്ലബ്‌ മൈതാനത്ത്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി കെ കെ രാഗേഷ്‌ എംപി സംസാരിക്കും. മധ്യപ്രദേശ്‌, രാജസ്ഥാൻ വഴി ജാഥ ഡൽഹിയിലേക്ക്‌ നീങ്ങും.

വിടപറഞ്ഞ സമരഭടന്‍മാര്‍ക്ക് ശ്രദ്ധാഞ്ജലി

കർഷകസമരത്തിൽ പങ്കെടുത്ത്‌ മരിച്ച 40ഓളം പേർക്ക്‌ ആദരാഞ്‌ജലി അർപ്പിച്ച്‌ രാജ്യമെമ്പാടും പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷത്തോളം കേന്ദ്രങ്ങളിൽ ശ്രദ്ധാഞ്‌ജലി പരിപാടി നടന്നതായി അഖിലേന്ത്യാ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

50 ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തമുണ്ടായി. ത്രിപുരയിലെ ഖൈർപുരിൽ ശ്രദ്ധാഞ്‌ജലിക്ക്‌ നേതൃത്വം നൽകിയ കിസാൻസഭ സംസ്ഥാന സെക്രട്ടറി പവിത്ര കറിനെയും പ്രവർത്തകരെയും ബിജെപിക്കാർ ആക്രമിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. പവിത്ര കറിന്റെ കാർ തകർത്തു. ബിജെപി ഗുണ്ടകളുടെ ആക്രമണത്തിൽ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പ്രതിഷേധിച്ചു.

പ്രക്ഷോഭം തുടരും, തൊഴിലാളികള്‍ അണിചേരുക

കർഷകപ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര ടേഡ്‌യൂണിയനുകളുടെ സജീവ പിന്തുണയും സഹായവും തേടി അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‌സിസി). വമ്പിച്ച ജനപങ്കാളിത്തം കൊണ്ട്‌ പുതിയ ചരിത്രം കുറിച്ച ‘ഡൽഹി ചലോ’ പ്രക്ഷോഭം കേന്ദ്രസർക്കാർ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുന്നതുവരെ തുടരാനാണ്‌ തീരുമാനമെന്ന്‌ സംഘര്‍ഷ് സമിതി കേന്ദ്ര ട്രേഡ്‌യൂണിയനുകൾക്ക്‌ നൽകിയ കത്തിൽ അറിയിച്ചു.

പ്രക്ഷോഭത്തിന്‌ ട്രേഡ്‌യൂണിയനുകൾ നൽകിവരുന്ന തുടർച്ചയായ പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും എഐകെഎസ്‌സിസി നന്ദി രേഖപ്പെടുത്തി. ഡിസംബർ എട്ടിന്‌ നടത്തിയ ഭാരത്‌ബന്ദിന്റെ ചരിത്രവിജയം രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ വലിയ ഊർജം പകർന്നു. നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ്‌ കർഷകരുടെ തീരുമാനം. കർഷകപ്രക്ഷോഭത്തെ കരിവാരി തേക്കാനും കർഷകരുടെ ഐക്യം തകർക്കാനും ഭരണകക്ഷി നേതൃത്വത്തിൽ പലരീതിയിലുള്ള ആസൂത്രിത നീക്കങ്ങളും അരങ്ങേറുന്നുണ്ട്‌.

കർഷകരുടെയും തൊഴിലാളികളുടെയും ഐക്യം കൂടുതൽ ശക്തിപ്പെടുത്തി പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തണം. എൻഡിഎ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പൊറുതിമുട്ടിയ മറ്റ്‌ ജനവിഭാഗങ്ങളെ കൂടി പ്രക്ഷോഭത്തിൽ അണിനിരത്തണം. ഇതിന്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ സജീവപിന്തുണയും സഹായവും ഉണ്ടാകണമെന്നും എഐകെഎസ്‌സിസി അഭ്യർഥിച്ചു.

നുണപ്രചാരണങ്ങൾ തടുക്കാൻ ഐടി സെൽ തുറന്ന് പ്രക്ഷോഭകര്‍

പ്രക്ഷോഭത്തെക്കുറിച്ചുള്ള വ്യാജവാർത്തകളും നുണപ്രചാരണങ്ങളും പ്രതിരോധിക്കാന്‍‌ പ്രത്യേക ഐടി സെല്ലിന്‌ രൂപംകൊടുത്ത്‌ കർഷകർ. സിംഘു അതിർത്തിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐടി സെല്ലിൽ 60 പേർ ജോലി ചെയ്യുന്നു‌. കേന്ദ്രസർക്കാർ അനുകൂല മാധ്യമങ്ങളുടെ വ്യാജവാർത്തകളും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള നുണപ്രചാരണവും പ്രതിരോധിക്കുകയാണ്‌ ലക്ഷ്യം.

‘സമാധാനപൂർണമായ പ്രക്ഷോഭത്തെ കരിവാരി തേക്കാൻ ഓൺലൈനിൽ ആസൂത്രിത നീക്കം നടക്കുന്നു‌. അതിനെ ഒരളവ്‌ വരെയെങ്കിലും പ്രതിരോധിക്കണം’–- ഐടി സെല്ലിന്‌ നേതൃത്വം നൽകുന്ന 30കാരൻ ബൽജീത്‌സിങ്‌ പറഞ്ഞു. മറ്റേതോ രാജ്യത്ത് ഖാലിസ്ഥാനികൾ പുറത്തിറക്കിയ പോസ്റ്ററുകൾ ഫോട്ടോഷോപ്പ്‌ ചെയ്‌ത്‌ കർഷകപ്രക്ഷോഭത്തിനിടെ ആളുകൾ ഉയർത്തിപ്പിടിച്ച പോസ്‌റ്ററുകൾ എന്ന അടിക്കുറിപ്പോടെ ആരോ ഓൺലൈനിൽ പ്രചരിപ്പിച്ചു. പോസ്‌റ്ററുകൾ വ്യാജമാണെന്ന്‌ സെല്‍ ഉടന്‍ തെളിവ് സഹിതം തുറന്നുകാട്ടി. പ്രക്ഷോഭത്തിന്റെ വാർത്തയും ചിത്രങ്ങളും വീഡിയോകളും ‘കിസാൻ ഏകതാ മോർച്ച’ എന്ന അക്കൗണ്ടില്‍ ട്വിറ്റർ, ഫെയ്സ്‌ബുക്‌, ഇൻസ്‌റ്റാഗ്രാം, യുട്യൂബ്‌ എന്നിവയില്‍ ലഭ്യമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here