പി.എസ്.സി വ‍ഴി പുതിയ അവസരങ്ങള്‍; കൂടുതല്‍ പൊതുമേഖലാ സ്ഥപനങ്ങളില്‍ പി.എസ്.സി നിയമനം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി എസ് സി നിയമനങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യംവച്ച് പി എസ് സിയെയും സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്നതാണ് പുതിയ വാര്‍ത്ത. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.വഴി നടത്തുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം. ഇതനുസരിച്ച് കൃഷിവകുപ്പിനുകീഴിലെ 10 പൊതുമേഖലാസ്ഥാപനങ്ങളിൽ നിയമനചട്ടം രൂപവത്കരിക്കണമെന്നുകാണിച്ച് ഉത്തരവിറങ്ങി.

പൊതുമേഖലാസ്ഥാപനങ്ങളിലെയും ബോർഡ്, കോർപ്പറേഷനുകളിലെയും നിയമനം പി.എസ്.സി.വഴി നടത്താത്തതിനാൽ അവസരം നഷ്ടമാകുന്നുവെന്ന് നേരത്തേ നിയമസഭാസമിതികൾ ചൂട്ടിക്കാട്ടിയിരുന്നു. വിവിധ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങൾ നിയമനചട്ടം കാലതാമസമില്ലാതെ തയ്യാറാക്കണമെന്നായിരുന്നു ടി.വി. രാജേഷ് അധ്യക്ഷനായ യുവജനക്ഷേമസമിതിയുടെ ശുപാർശ. നിലവിൽ ചട്ടമുള്ളവയിൽ ഭേദഗതി വേണമെങ്കിൽ അത് വരുത്തണമെന്നും പറഞ്ഞിട്ടുണ്ട്. പിന്നാക്കസമുദായക്ഷേമസമിതിയും പൊതുമേഖലാസ്ഥാപനങ്ങളിൽ പി.എസ്.സി. നിയമനം ശുപാർശചെയ്തിട്ടുണ്ട്.

ശുപാർശ പരിഗണിച്ച് വിവിധ വകുപ്പുകൾക്കുകീഴിലെ സ്ഥാപനങ്ങളിൽ നിയമനചട്ടം രൂപവത്കരിക്കാനും സ്റ്റാഫ് ഫിക്സേഷൻ നടത്താനും ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് നിർേദശംനൽകി. എന്നാൽ, തുടർനടപടിക്ക് വേഗമുണ്ടായില്ല. ഇതിനാലാണ് അടിയന്തരനടപടി വേണമെന്നുകാണിച്ച് കൃഷിവകുപ്പ് ഉത്തരവിറക്കിയത്. നിയമനചട്ടം രൂപവത്കരിച്ചിട്ടില്ലാത്ത എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സമയബന്ധിതമായി അത് നടത്താനും സ്റ്റാഫ്ഘടന നിശ്ചയിക്കാനുമാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിനുശേഷം പി.എസ്.സി.വഴി നിയമനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 130 പൊതുമേഖലാസ്ഥാപനങ്ങളാണുള്ളത്. ഇതിൽ ഭൂരിഭാഗവും സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനുകളും കമ്പനികളുമാണ്. 46 സ്ഥാപനങ്ങളാണ് വ്യവസായവകുപ്പിന് കീഴിലുള്ളത്. ഇതിൽ മിക്കവാറും സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലെ നിയമനം പി.എസ്.സി.വഴിയാക്കിയിട്ടുണ്ട്. മറ്റുതസ്തികകളിലെ നിയമനമാണ് ബാക്കിയുള്ളത്. ടൂർഫെഡ്, ഹൗസ് ഫെഡ്, ടെക്സ് ഫെഡ് തുടങ്ങിയ ഫെഡറേഷനുകളിലും നിയമനചട്ടത്തിന് അംഗീകാരമായിട്ടില്ല. ഇതിനുള്ള നടപടികളും വേഗത്തിലാക്കും.

പ്ലാന്റേഷൻ കോർപ്പറേഷൻ, ഓയിൽപാം ഇന്ത്യ, ഹോർട്ടികോർപ്, വെയർഹൗസിങ് കോർപ്പറേഷൻ, ഫാമിങ് കോർപ്പറേഷൻ, കോക്കനട്ട് െഡവലപ്‌മെന്റ് കോർപ്പറേഷൻ, വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രൊസസിങ് കമ്പനി, അഗ്രോ മെഷിനറി കോർപ്പറേഷൻ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവിടങ്ങളില്‍ ചട്ടം തയ്യായാക്കാന്‍ കൃഷി വകുപ്പ് നിര്‍ദേശം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here