തദ്ദേശ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയുയര്‍ത്തി ഇടത് പ്രതിഷേധം; പത്തനംതിട്ട നഗരസഭ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷം ഭരിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതി‍‍‍ജ്ഞ ചൊല്ലി അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. കോർപറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത് 11.30ന് നടന്നു.

തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതി‍‍ജ്ഞ ചൊല്ലി കൊടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യപ്രതി‍ജ്ഞ ചടങ്ങുകൾ നടന്നത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍റെ പിന്‍തുണ എല്‍ഡിഎഫിന് ലഭിച്ചതോടെ ചരിത്രത്തിലാദ്യമായി പത്തനംതിട്ട നഗരസഭ എല്‍ഡിഎഫ് ഭരിക്കും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും 13 സീറ്റ് വീതം നേടിയതോടെയാണ് വിമതരുടെ തീരുമാനം നിര്‍ണായകമായത്.

അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിൽ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളുടെ ആദ്യയോഗം നടന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20-ന് പൂർത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജയ് ശ്രീറാം ബാനറുകള്‍ ഉയര്‍ത്തി ആഘോഷം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ശ്രദ്ധേയമായ പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇടത് അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിച്ചു

ക്വാറന്റീനിലായിരുന്ന വയനാട് ജില്ലാ കളക്ടര്‍ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയത്. കോവിഡ് നിരീക്ഷണത്തിലുള്ള അംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ചെത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News