
മുതിർന്ന അംഗത്തെ തെരഞ്ഞെടുക്കാൻ ടോസിടുന്ന അപൂർവതയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ സത്യപ്രതിജ്ഞാ ചടങ്ങ് വേദിയായി. സിപിഐ(എം) പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ദിവാകരൻ, എം പി ഹമീദ് എന്നിവരുടെ ജനന തിയ്യതി ഒന്നായതാണ് ഇത്തരമൊരു നടപടി അനിവാര്യമാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാൻ ടോസിടുന്ന പതിവ് നിലവിലുണ്ട്. എന്നാൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ വേണ്ടി ടോസിടേണ്ട സാഹചര്യം ഉണ്ടാവാറില്ല. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരിൽ മുതിർന്ന അംഗത്തെ തെരഞ്ഞെടുക്കാൻ ഇത്തരമൊരു അസാധാരണ നടപടി വേണ്ടി വന്നു.
കൗൺസിലർമാരിൽ ആരാണ് മുതിർന്ന അംഗം എന്ന് പരിശോധിച്ചപ്പോഴാണ് അധികൃതർ ഒന്നമ്പരന്നത്. സി പി ഐ എം പ്രതിനിധികളായി വിജയിച്ചു വന്ന 2 പേർക്ക് ഒരേ ജനന തിയ്യതി. പി ദിവാകരൻ, എം പി ഹമീദ് എന്നിവരുടെ ഔദ്യോഗിക ജനന തിയ്യതി 1950 ജനുവരി 1. ചട്ടം പരിശോധിച്ചപ്പോൾ നറുക്കായിരുന്നു മാർഗം. ഭാഗ്യം തുണച്ചത് എം പി ഹമീദിന്.
അടുത്ത സുഹൃത്തുക്കളും മുൻ കൗൺസിലർമാരുമാണ് ഹമീദും, ദിവാകരനും വരണാധികാരിയായ ജില്ലാ കളക്ടർ സാംബശിവറാവു ആദ്യം എം പി ഹമീദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് ഹമീദ് മറ്റ് 74 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ചേർന്ന ആദ്യ കൗൺസിലും എം പി ഹമീദിൻ്റെ അധ്യക്ഷതയിലാണ് ചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here