യു. കെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.

വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ഇന്ത്യയും സര്‍വീസുകള്‍ റദ്ദാക്കിയത്.

എത്രയും വേഗം സര്‍വീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം പുതിയ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവയെല്ലാം ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവവെച്ചു.

യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നെതര്‍ലാന്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി 1 വരെയാണ് നെതര്‍ലന്‍ഡിന്റെ വിമാന നിരോധനം. ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയവും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here