‘ക്രിസ്‌തുവിനെ ലോകത്തിന്‌ പങ്കിട്ട്‌ കൊടുത്തതാണ്‌ ക്രിസ്‌മസ്, അതാണ്‌ സർക്കാരിന്‍റെ കിറ്റിലൂടെ വെളിവാകുന്നതും’: ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌

ക്രിസ്‌തുവിനെ ലോകത്തിന്‌ പങ്കിട്ട്‌ കൊടുത്തതാണ്‌ ക്രിസ്‌മസെന്നും അതാണ്‌ സർക്കാർ നൽകുന്ന കിറ്റിലൂടെ വെളിവാകുന്നതെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപോലീത്താ. ദേശാഭിമാനിയ്ക്ക് നല്‍കിയ‌
അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മെത്രാപോലീത്താ.

ക്രിസ്‌തുവിന്‌ ജനിക്കാൻ സത്രംപോലും കിട്ടിയില്ല. കാലിത്തൊഴുത്തിലാണ്‌ ആ ഭവനരഹിതന്റെ പിറന്നാൾ. ഭവനരഹിതരെ ചേർത്ത്‌ നിർത്തുമ്പോഴാണ്‌ ക്രിസ്‌മസാകുന്നത്‌. അതാണ്‌ ലൈഫ്‌ പദ്ധതി. അതിനെ തകർക്കാനാണ്‌ ഇവിടെ ശ്രമങ്ങൾ നടക്കുന്നത്‌.

വീടും വസ്‌ത്രവും ഭക്ഷണവും എത്തിച്ചുകൊടുക്കലാണ്‌ ക്രിസ്‌മസ്‌. ആഘോഷങ്ങൾ പലപ്പോഴും ലഹരിയിലേക്കും ആഡംബരത്തിലേക്കും പോകുന്നതാണ്‌ അനുഭവം. കോവിഡ്‌ കാലത്തെ സാഹചര്യങ്ങൾ അതിന്‌ കുറെയെങ്കിലും മാറ്റംവരുത്തി. മറ്റുള്ളവരിലേക്ക്‌ ഏകീഭവിക്കലാണ്‌ കോവിഡ്‌ നൽകുന്ന പാഠം.

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ വിളയാടുന്ന സാഹചര്യം രാജ്യത്ത്‌ നിലനിൽക്കുന്നു. അതിനെതിരായ നിലപാട്‌ എടുക്കുന്നതുകൊണ്ടാണ്‌ ഇടതുപക്ഷത്തിനെതിരായ വർഗീയ ഏകീകരണം നടക്കുന്നത്‌. ന്യൂനപക്ഷങ്ങൾക്കടക്കം പ്രതീക്ഷയുള്ളത്‌ ഇടതുപക്ഷത്ത്‌ മാത്രമാണ്‌. തെരഞ്ഞെടുപ്പിൽ അത്‌ പ്രതിഫലിച്ചുവെന്നാണ്‌ കരുതുന്നത്‌.

മറുവശത്ത്‌ മൂലധന ശക്‌തികളും വലതുപക്ഷ കക്ഷികളും മാധ്യമങ്ങളും ഒറ്റക്കെട്ടായിരുന്നു. മനഃപൂർവമായി സൃഷ്‌ടിക്കപ്പെട്ടത്‌ വിവാദ പരമ്പരകളായിരുന്നു. ഒരുകൂട്ടം മാധ്യമങ്ങളിൽ നുണക്കഥകൾ‌ അരങ്ങേറി‌. ഇത്‌ പാവങ്ങളെ സഹായിച്ച ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വേണ്ടിയായിരുന്നു.

എപ്പിസോഡുകളുമായി അവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവച്ച്‌ നീങ്ങി. മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ തെളിവിന്റെ ഒരംശംപോലും കണ്ടെത്താൻ ഇതുവരെയായില്ലെന്ന്‌ ഓർക്കണം. എല്ലാം തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ്‌ ഫലത്തിലൂടെ കേരളീയർ സംസ്‌കാര സമ്പന്നരാണെന്ന്‌ തെളിയിച്ചു.

ഉണ്ടാകുന്ന ജാഗ്രതക്കുറവുകളെ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ഇടതുപക്ഷം തയ്യാറാകുന്നു എന്നതാണ്‌ പ്രത്യേകത. പൊലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുത്തലിന്‌ തയ്യാറായത്‌ സർക്കാരിന്റെ നല്ല ഇടതുപക്ഷ മുഖമാണ്‌ വെളിവാക്കിയത്‌. ഇന്ത്യയിലെ ഫാസിസ്‌റ്റ്‌ സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്‌ കർഷകപ്രക്ഷോഭം. കേന്ദ്രസർക്കാരിന്റെ താൽപര്യം മൂലധന ശക്‌തികളുടെ ലാഭം മാത്രമാണ്.‌ ന്യായങ്ങൾ നിരത്തുന്നത്‌ അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയാണ്‌. അന്നം തരുന്ന കൈകളെയാണ്‌ വെട്ടാൻ ശ്രമിക്കുന്ന തെന്നും മെത്രാപോലീത്താ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News