കോവിഡിന്റെ രൂപമാറ്റം:കൂടുതൽ വേഗം പടർന്നു പിടിക്കാൻ കഴിവുണ്ടായാൽ പോലും കൂടുതൽ അപകടകാരിയാവണം എന്നില്ല:ഇൻഫോ ക്ലിനിക്

ഇംഗ്ലണ്ടിൽ ഒരു പുതിയ തരം SARS Cov-2 കൊറോണാവൈറസ് സ്ട്രെയിൻ കണ്ടെത്തി എന്ന വാർത്ത പേടിപ്പിക്കുന്ന തലക്കെട്ടുകളിൽ വാർത്തയാകുന്നു എന്ന് ഇൻഫോ ക്ലിനിക് വിഭാഗം എന്നാൽ തലക്കെട്ടുകൾക്കുമപ്പുറം ലഭ്യമായ വിവരങ്ങൾ വച്ച് ഇൻഫോ ക്ലിനിക് സൂചിപ്പിക്കുന്നത് ജനിതക വ്യതിയാനം ഉള്ള പുതിയ വൈറസിനെ കണ്ടെത്തി എന്നത് ശരിയാണ്, എന്നാൽ ഇത് കൂടുതൽ അപകട സാധ്യതകൾ ഉയർത്തുന്നു എന്നതിന് തെളിവുകൾ ഇത് വരെ ലഭ്യമായിട്ടില്ല എന്നാണ് .

പല രാജ്യങ്ങളിലെ അധികാരികളും പുതിയ ഇനം വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയിരിക്കുന്നത്. ശൈത്യകാലവും കൂടെ ക്രിസ്തുമസ് ആഘോഷ വേളയും ആയതിനാൽ അടഞ്ഞ മുറികൾക്കുള്ളിൽ ജനങ്ങൾ കൂടുതൽ അടുത്തിടപഴകുന്ന സാഹചര്യമാണ് വരാൻ പോവുന്നത്. ആയതിനാൽ പ്രതിരോധ നടപടികൾ സ്വീകരിച്ചതാവാം.ഇതിനെത്തുടർന്ന് യുകെയിലെ ചിലഭാഗങ്ങളിൽ കടുത്ത ലോക്ഡൗൺ നടപ്പാക്കിക്കഴിഞ്ഞു. ഡിസംബർ 13 വരെ 1108 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.

പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളതായി സംശയിക്കപ്പെടുന്നത് ഇതിൽ ഏറ്റവും പ്രധാനം കോശങ്ങൾക്ക് ഉള്ളിലേക്ക് വൈറസിന് കടക്കാനുള്ള താക്കോലായി പ്രവർത്തിക്കുന്ന സ്പൈക് പ്രോട്ടീന്റെ മേലുള്ള വ്യതിയാനമാണ്. കുന്തമുനയുടെ രൂപത്തിലുള്ള ഈ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഭാഗത്തു വന്ന N501Y എന്ന പേരിൽ വിളിക്കപ്പെടുന്ന വ്യതിയാനം കൂടുതൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കാം എന്ന് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ വൈറസിനെക്കാൾ എഴുപതു ശതമാനം കൂടുതൽ വേഗത്തിൽ പുതിയ സ്ട്രെയിനിനു പടർന്നുപിടിക്കാനാകും എന്നാണ്.
*എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയാക്കാനുള്ള വിവരങ്ങൾ കിട്ടിയിട്ടില്ല.*

ലണ്ടനിലെ ഏതാണ്ട് മുക്കാൽഭാഗം കൊറോണാവൈറസ് കേസുകളും ഈ സ്ട്രെയിൻ മൂലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു സംശയിക്കപ്പെടുന്നു. കൂടുതൽ വേഗത്തിൽ പടർന്നുപിടിക്കാൻ ഇതിനു കഴിവുണ്ട് എന്നതുകൊണ്ടാണ് ഈ വ്യതിയാനമെന്നു സംശയിക്കുന്നവരുണ്ട്. നോർത്തേൺ ഐർലൻഡിൽ ഒഴിച്ച് യൂക്കേയുടെ മിക്കവാറും ഭാഗങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ വൈറസ് എത്തിയതായി വിവരമുണ്ട്. ഇന്ത്യയിലേക്ക് ഈ വൈറസ് എത്താതിരിക്കാൻ ഡിസംബർ 31 വരെ യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കഴിഞ്ഞു.

പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസിന് 70 ശതമാനം വരെ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാനാകും എന്നാണ് (വൈറസിന്റെ R0 യിൽ 0.4 ന്റെ വർദ്ധന). അതുകൊണ്ടാണ് ലണ്ടൻ നഗരത്തിലെ വൈറസ് ബാധകളിൽ കൂടിയ പങ്കും പുതിയ വേരിയന്റ് മൂലമുള്ളതായത് എന്നും ചില ഗവേഷകർ വിശ്വസിക്കുന്നു.
എന്നാൽ ഈ കാഴ്ചപ്പാടിന് വിമർശനങ്ങളും കുറവല്ല. ലണ്ടൻ പോലെ തിരക്കു കൂടിയ ഒരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് ഈ സ്ട്രെയിൻ പെട്ടെന്ന് പടർന്നു പിടിക്കുന്നതായി തോന്നുന്നത് എന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരും ഉണ്ട്.

കൂടുതൽ വേഗം പടർന്നു പിടിക്കാൻ കഴിവുണ്ടായാൽ പോലും കൂടുതൽ അപകടകാരിയാവണം എന്നില്ല.*ഇതിന് ഉദാഹരണം D614G എന്ന പേരിൽ അറിയപ്പെടുന്ന വ്യതിയാനം വന്ന വേരിയന്റ് ആണ്, യു.കെ യിലും എന്തിനു നമ്മുടെ കേരളത്തിലും ഒക്കെ കണ്ടെത്തിയ ഈ വേരിയന്റ് വേഗം പടർന്നു പിടിക്കുമെങ്കിലും കൂടിയ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ല

സാധാരണ നോവൽ കൊറോണ വൈറസിനെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ ഈ സ്ട്രെയിനിനു കഴിവില്ല എന്ന കാര്യത്തിൽ നിലവിൽ ഏതാണ്ട് എല്ലാവരും യോജിക്കുന്നു. എങ്കിലും പെട്ടെന്ന് പടർന്നു പിടിക്കുന്ന വേരിയന്റുകൾ കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അങ്ങനെ ആരോഗ്യ സംവിധാനത്തിന്റെ ഭാരം കൂട്ടുകയും ചെയ്യാൻ സാധ്യതയുണ്ടെന്നതാണ് പ്രസക്തമായ കാര്യം.മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളിലും കൂടുതൽ കൃത്യമായ വിവരങ്ങൾ വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൈറസിന്റെ മേലുള്ള പ്രോട്ടീനുകൾക്കെതിരെ ആൻറിബോഡി നിർമ്മിക്കാൻ ശരീരത്തെ പ്രേരിപ്പിച്ചു കൊണ്ടാണ് വാക്സിൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വൈറസ് അതിൻറെ പ്രോട്ടീനിൽ വ്യതിയാനം വരുത്തിയാൽ വാക്സിൻ പ്രവർത്തിക്കാതെയാകാം. എന്നാൽ നിലവിലെ ഈ സാഹചര്യത്തിൽ അത്തരമൊരു പേടി വേണ്ടതില്ല എന്നാണ് ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. അത്രയെളുപ്പം നഷ്ടപ്പെടുന്നതല്ല വാക്സിന്റെ ഫലം. ചില വൈറൽ രോഗങ്ങൾക്കുള്ള വാക്സിനുകൾ സമാനമായ ഘടനയുള്ള മറ്റു വൈറസുകൾക്കെതിരെ വരെ പ്രവർത്തിക്കാറുണ്ട്.

നിലവിൽ നാം നിർമ്മിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സിനുകളും വൈറസിന്റെ സ്പൈക് പ്രോട്ടീന് എതിരെയാണ്. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ട് എങ്കിലും വാക്സിന്റെ ഫലം പൂർണമായും തടയാൻ നിലവിലുള്ള വ്യതിയാനങ്ങൾ മതിയാകില്ല. എന്നാൽ ഇത്തരത്തിൽ സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനങ്ങൾ തുടർന്നാൽ ഭാവിയിൽ ചില വാക്സിനുകളുടെ ഫലം കുറഞ്ഞേക്കാം. പക്ഷേ, നാം ഇപ്പോൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന വാക്സിനുകൾ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താൻ പറ്റുന്നവയാണ്. ഭാവിയിൽ വൈറസ് വാക്സിനെതിരെ പ്രതിരോധം നേടിയാലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പുതിയ വാക്സിൻ ഇറക്കാൻ അധികം സമയമെടുത്തേക്കില്ല.

പുതിയ വ്യതിയാനങ്ങളൊന്നും നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ടെസ്റ്റുകളുടെ റിസൾട്ടിനെ ബാധിക്കുന്ന തരത്തിലുള്ളവയല്ല. അതുകൊണ്ട് നിലവിലുള്ള ടെസ്റ്റുകൾ ഉപയോഗിച്ചാലും പുതിയ സ്ട്രെയിൻ മൂലമുള്ള കോവിഡ് രോഗവും നിർണയിക്കാൻ കഴിയും.

 ഇത് ഇനി ഇൻഡ്യയിൽ എത്തിയാൽ തന്നെയും നമുക്ക് നിലവിൽ അറിയാവുന്ന പ്രതിരോധ നടപടികൾ കൊണ്ടുതന്നെ ഇതിനെ തടയാവുന്നതാണ്.സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ് എന്നിവ കൃത്യമായി പ്രയോഗത്തിലാക്കുന്നതിലൂടെയും, ആൾക്കൂട്ടങ്ങൾ / വായൂ സഞ്ചാരമില്ലാത്ത മുറികളിലെ ഇടപഴകൽ എന്നിവ ഒഴിവാക്കുന്നതിലൂടെയും ജനിതക വ്യതിയാനം വന്ന വൈറസിനെയും അകറ്റി നിർത്താൻ നമ്മുക്ക് കഴിയും.

വീണ്ടും ആവർത്തിക്കുന്നു – വൈറസ് ഇവിടെത്തന്നെയുണ്ട് ആകാംഷ വേണ്ടതില്ല കരുതൽ വേണം, ജാഗ്രത തുടരണം.
എഴുതിയത് : ഡോ: പുരുഷോത്തമൻ കെ കെ, ഡോ: അരുൺ മംഗലത്ത് , ഡോ: ദീപു സദാശിവൻ, ഡോ: ഷമീർ വി കെ

⁉ “രൂപം മാറ്റി” കൊറോണ : ബ്രിട്ടിഷ് സ്ട്രെയിൻ ഭീഷണിയാകുമോ ?

🦠ഇംഗ്ലണ്ടിൽ ഒരു പുതിയ തരം SARS Cov-2 കൊറോണാവൈറസ് സ്ട്രെയിൻ…

Posted by Info Clinic on Monday, December 21, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News