മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‌ തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌ തുടക്കമായി. രാവിലെ 10.30ന്‌ കൊല്ലത്താണ്‌ പര്യടനത്തിന്‌ തുടക്കമായത്‌. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്‌ ആദ്യദിന പര്യടനം. രാവിലെ കൊല്ലം ബീച്ച്‌ ഓർക്കിഡ്‌ ഹോട്ടലിലെ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.

ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളുമായി സംസാരിച്ചുവെന്നും കൊല്ലത്തിന്റെ വികസനത്തിനും, സംസ്ഥാനത്തിന്റെ പൊതുവികസനത്തിനുമുതകുന്ന സംവാദമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ വൈകിട്ട്‌ 4.30ന്‌ അബാൻ ടവറിൽ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പിനു‌മുമ്പ്‌ എല്ലാ ജില്ലകളിലും പര്യടനം നടത്തി എൽഡിഎഫിന്റെ സമഗ്രവികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയാണ്‌ പര്യടനത്തിന്റെ ലക്ഷ്യം.ഇതിന്‌ പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പര്യടനം.

ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ്‌. സമാപന ദിവസമായ 30ന്‌ എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്‌ പര്യടനം. കോവിഡ്‌ സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദർശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here