കർഷക രോഷത്തില്‍ ആളിക്കത്തി നാസിക്

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മഹാരാഷ്ട്രയിലെ കർഷകർ അണി നിരന്നപ്പോൾ നാസിക്കിലെ ഗോൾഫ് ക്ലബ്ബ് മൈതാൻ അക്ഷരാർഥത്തിൽ ചെങ്കടലായി. കർഷക രോഷത്തെ ആളിക്കത്തിക്കുന്നതായിരുന്നു നാസിക്കിലെ കാഴ്ചകൾ.

കരിനിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നാണ് ചലോ ദില്ലി വാഹനജാഥയുടെ ഉൽഘാടന യോഗത്തിൽ പങ്കെടുത്ത് കിസാൻ സഭ നേതാവ് അശോക് ധാവളേ പറഞ്ഞത്.

നാസിക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വാഹനറാലിയിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകരാണ് രാവിലെ മുതൽ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്ന് നാസിക്കിലേക്ക് ഒഴുകിയെത്തിയത്.

വാഹനറാലിക്ക് മുന്നോടിയായി നടന്ന പൊതുയോഗത്തിൽ അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ, രാജ്യസഭാംഗം കെ കെ രാഗേഷ്, ഡോ. ഡി എൽ കറാഡ് മഹാരാഷ്ട്രയിലെ സിപിഐഎം എംഎൽഎ വിനോദ് നിക്കാളെ, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

ഗോൾഫ് ക്ലബ്ബ് മൈതാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം വൈകീട്ട് ആറു മണിയോടെ വാഹന ജാഥക്ക് തുടക്കമായി . ഡിസംബർ 24-ന് ജാഥ രാജസ്ഥാൻ അതിർത്തിയിലെത്തി കർഷക സമരത്തിന്റെ ഭാഗമാകുമെന്ന് കിസാൻ സഭ നേതാവ് അശോക് ധാവളെ പറഞ്ഞു. കാർഷിക നിയമത്തിനെതിരെ മഹാരാഷ്ട്രയിൽനിന്നുള്ള കർഷകരുടെ പ്രതിഷേധം കൂടി അറിയിക്കുകയാണ് വാഹനജാഥയുടെ ലക്ഷ്യം.

കർഷകരെയും ഉപഭോക്താക്കളെയും ഒരു പോലെ ചൂഷണം ചെയ്യുന്ന നിയമത്തിനെതിരെയുള്ള പോരാട്ടമാണിതെന്ന് രാജ്യസഭാംഗം കെ കെ രാഗേഷ് പറഞ്ഞു. രാജ്യമൊട്ടാകെ പ്രതിഷേധ സമരത്തിന്റെ അലയടികൾ ആഞ്ഞടിച്ചു കൊണ്ടിരിക്കയായെന്നും കെ കെ രാഗേഷ് പറഞ്ഞു

കർഷകരെ തെറ്റിദ്ധരിപ്പിക്കയാണെന്ന പ്രധാനമന്ത്രി വാദം ശരിയല്ലെന്നും പ്രധാനമന്ത്രിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അത് കൊണ്ടാണ് സമരം കടുപ്പിച്ചു കൂടുതൽ കർഷകർ രംത്തെത്തിയിരിക്കുന്നതെന്നും രാഗേഷ് വ്യക്തമാക്കി

കൃഷിക്കാരെ അടിമപ്പെടുത്തുന്നതാണ് നിയമമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ പറഞ്ഞു. കാർഷിക നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും നാസിക്കിലെ കർഷക റാലിയിൽ പങ്കെടുത്ത് കൊണ്ട് പ്രീതി സമരത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു

കർഷക സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ 26 ജില്ലകളിൽ നിന്നുള്ള കർഷകരുടെ ദില്ലി ചലോ വാഹന മാർച്ച് നാസിക്കിൽ നിന്നും പുറപ്പെടുമ്പോൾ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു മുന്തിരി നഗരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News