സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനം കൂടുതൽ മികവോടെ തുടരും: മുഖ്യമന്ത്രി

സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനം കൂടുതൽ മികവോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടവും ഒരു പോലെ വികസിക്കുക എന്നതാണ് നയം. അത് കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന് തുടക്കം കുറിച്ച് കൊല്ലത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലു മിഷനുകൾ അതിൻ്റെ തുടക്കമായിരുന്നു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കി. 10 ലക്ഷം പേർക്ക് വീടായി എന്നത് വലിയ നേട്ടമാണ്. നമ്മുടെ കുട്ടികൾ ലോകോത്തര നിലവാരത്തിലുയരുന്ന സ്കൂളുകളിൽ പഠിക്കുന്നു. ആരോഗ്യമേഖലയിൽ ആർദ്രം വലിയ കുതിപ്പുണ്ടാക്കി. കോവിഡ് മഹാമാരിയെ നേരിടുന്നതിന് നമുക്ക് അത് സഹായകരമായി. ഹരിതകേരള മിഷൻ എന്ന പേര് തന്നെ അർത്ഥവത്താക്കുന്ന മാറ്റങ്ങൾ നാലരവർഷം കൊണ്ട് സാധ്യമായി. ഇത്തരം കാര്യങ്ങളെ തള്ളിക്കൊണ്ട് വികസനം സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും ഒന്നായി കണ്ട് ഒന്നാമതായി മാറുന്ന വികസന കാഴ്ചപ്പാടുകളാണ് നാലര വർഷം മുമ്പ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു മുൻകാലങ്ങളിലെ അനുഭവം. ലോകം മലയാളികളുടെ കഴിവിനെ അംഗീകരിച്ചപ്പോഴും നമ്മുടെ നാട്ടിൽ അത് നടപ്പാക്കാൻ കഴിയുന്നില്ല എന്നതായിരുന്നു നമ്മുടെ വിഷമം. എന്നാൽ ആ വിഷമബോധം മാറ്റാനായി. നടപ്പില്ല എന്ന ഉറപ്പാക്കിയ പദ്ധതികൾ നടപ്പാക്കി. പുതിയ പദ്ധതികൾ നടപ്പാക്കി.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ പൊതു അന്തരീക്ഷത്തിൽ തന്നെ മാറ്റം ഉണ്ടാക്കി. അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ നമുക്ക് ഉണ്ടായിരുന്നു. അതിനെ എല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ഇതിൻ്റെ തുടർച്ചയായി ലോകത്തോര സ്ഥാപനങ്ങൾ തന്നെ കേരളത്തിലേക്ക് വന്നു. കേരളം നിക്ഷേപത്തിന് അനുകൂലം എന്ന ബോധ്യം ലോകത്തിന് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവ്വഹിക്കാനാണ് നാലരവർഷം ശ്രമിച്ചത്. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കാനായി. പ്രതിസന്ധികളുടെ മുന്നിൽ പകച്ചു നിൽക്കാതെ ഒന്നിച്ചു നേരിടാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News