“യേശുവേ നിന്നോടൊത്തന്നു കുരിശിൽ ചത്ത കള്ളനേ ഉറച്ച് നിൽക്കുവാനുള്ളൂ നിന്റെ നീതിക്കു സാക്ഷിയായ്”:ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സാക്ഷി എന്ന കവിതയുടെ വരികൾ ഇന്നത്തെ ദിവസത്തിൽ ഏറെ പ്രസക്തമാകുന്നു.

യേശുവേ നിന്നോടൊത്തന്നു
കുരിശിൽ ചത്ത കള്ളനേ
ഉറച്ച് നിൽക്കുവാനുള്ളൂ
നിന്റെ നീതിക്കു സാക്ഷിയായ്

അഭയക്കൊപ്പം ഉറച്ചു നിന്ന രാജു എന്ന മനുഷ്യനെ ഓർമിപ്പിക്കുന്ന വരികൾ .അഭയയുടെ നീതിക്ക് സാക്ഷിയായി നിന്ന കള്ളൻ.ദൈവം കള്ളൻറ്‍റെ രൂപത്തിൽ അവതരിച്ചു എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ച അടയ്ക്ക രാജൻ.

അഭയകൊലക്കേസിൽ ഏറ്റവും നിർണായകമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ് .
അടക്കാ രാജു..! അന്നയാൾ ഒരു കള്ളനായിരുന്നു .അഭയ കൊല്ലപ്പെട്ട രാത്രിയിൽ രാജു കന്യാസ്ത്രീ മഠത്തിലെത്തിയത് ചെമ്പുകമ്പിച്ചുരുളുകൾ മോഷ്ടിക്കാനായിരുന്നു. എന്നാൽ അന്നയാൾ കണ്ടത് പിന്നീട് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹത നിറഞ്ഞ കൊലപാതകത്തിനു കാരണക്കാരായവരെ; അഭയയെ കൊലപ്പെടുത്തിയ ഫാ.കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും.

അഭയയെ കൊന്നത് രാജുവാണെന്ന്​ വരുത്തി തീര്‍ക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഇദ്ദേഹത്തിന്​ ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി മൈക്കിളിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റാല്‍ വീടും ഭാര്യക്ക്​ ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. മറ്റു പലരിൽ നിന്നും കോടികളുടെ വാഗ്ദാനമുണ്ടായി. എല്ലാ പ്രലോഭനങ്ങളെയും ഭീഷണികളെയും അടക്കാ രാജു അതിജീവിച്ചു.മോഷണം അയാൾ അവസാനിപ്പിച്ചു.അഭയക്ക് വേണ്ടി അവസാനം വരെ രാജു ഉറച്ച് നിന്നു. അഭയയ്ക്ക് നീതി കിട്ടിയെന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞിരുന്നു.

‘3 സെന്റ് കോളനിയിലാ ഞാന്‍ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാന്‍ ഇത് വരെ 5 പൈസ കൂടി ആരൂടെയും കൈയിന്ന് വാങ്ങിയിട്ടില്ല. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാന്‍ എന്റെ പെണ്‍മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റെ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാന്‍ ഹാപ്പിയാണ്.’ 

ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുള്ള വാദങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തിയിരുന്നു.എല്ലാ കള്ളത്തരങ്ങളുടെയും ഒടുവിൽ ഒരു കള്ളനായ മനുഷ്യന്റെ സത്യസന്ധതക്ക് മറുപടി ലഭിച്ചു .ഇന്ന് സോഷ്യൽ മീഡിയയിൽ രാജുവിനെയെ കാണാൻ കഴിയു ,കേൾക്കാൻ കഴിയു.

രാജുവിന്റെ മൊഴി നീതിവാക്യമെന്നാണ് സുനില്‍ പി. ഇളയിടം കുറിച്ചത്
കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും.. സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്: എന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News