കാർഷികോൽപ്പന്നങ്ങളുടെ തറവില ഉയർത്തുന്നത്‌ പരിഗണനയിൽ; തൊഴിലിടങ്ങളിലും പെൺകരുത്തിന്‌ കൂടുതൽ അവസരം; സംസ്ഥാന ബജറ്റ്‌ 2021-22

സ്ത്രീശാക്തീകരണത്തിന്റെ ചരിത്രത്തിലേക്ക്‌ പുത്തനധ്യായം എഴുതിച്ചേർക്കാനൊരുങ്ങി കേരള ബജറ്റ്‌. തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക്‌ കൂടുതൽ അവസരം ഉറപ്പാക്കുന്ന പദ്ധതികൾക്കാകും സംസ്ഥാന ബജറ്റിൽ ഊന്നൽ. കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 10.4 ശതമാനമാണ്‌.

പുരുഷന്മാരുടെത്‌ 5.8 ശതമാനവും സ്ത്രീകളുടെത് 19.1 ശതമാനവും. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനവും, സ്ത്രീകളുടെത് 28.5 ശതമാനവുമാണ്‌. സ്ത്രീകൾക്ക്‌ തൊഴിൽ കിട്ടുക ശ്രമകരമാണ്‌. തൊഴിലന്വേഷണവും ഫലവത്താകുന്നില്ല. ഈ സാഹചര്യത്തിൽ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്താനുതകുന്ന കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തൽ ബജറ്റിലെ വെല്ലുവിളികളിലൊന്നാകുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

പച്ചക്കറി തറവില സമ്പ്രദായം ശക്തിപ്പെടുത്തും

പച്ചക്കറി തറവില സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും ബജറ്റിന്റെ ഭാഗമാകും. തറവില പ്രഖ്യാപിച്ചശേഷം വിഎഫ്പിസികെവഴി ഏത്തയ്‌ക്ക, പടവലം, പയർ തുടങ്ങിയവ സബ്സിഡിനൽകി സംഭരിച്ചു. മൂന്നരക്കോടി രൂപ ഇതിന്‌ നൽകി. ഇതുകൂടി പരിശോധിച്ചാകും പദ്ധതി വിപുലീകരണം. കാർഷികോൽപ്പന്നങ്ങളുടെ തറവില ഉയർത്തുകയെന്നതും പരിഗണിക്കും. റബർ, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വർധിപ്പിക്കണമെന്ന്‌ കർഷക സംഘടനകൾ ബജറ്റിന്‌ മുന്നോടിയായുള്ള ചർച്ചയിൽ ഉന്നയിച്ചിരുന്നു. നെൽകൃഷിക്ക്‌ ഹെക്ടറിന് 5500 രൂപവീതം ധനസഹായമുണ്ട്‌.

തദ്ദേശഭരണ സ്ഥാപനങ്ങൾ ഹെക്ടറിന്‌ 5000 മുതൽ 10,000 രൂപവരെ ധനസഹായം നൽകുന്നു. ഹെക്ടറിന് 2000 രൂപ റോയൽറ്റിയുമുണ്ട്‌. നെല്ലിന്‌‌ കേന്ദ്ര സർക്കാർ നിശ്ചയിച്ച സംഭരണ വില 18 രൂപയാണ്. കേരളം 27.48 രൂപ നൽകുന്നു. വൈദ്യുതി ഉൾപ്പെടെ വിവിധ സബ്സിഡികളും ഉൾപ്പെടുത്തിയാൽ കിലോയ്‌ക്ക്‌ 35 രൂപയെങ്കിലും സംസ്ഥാനം ഉറപ്പാക്കുന്നു. നെൽകൃഷി സംരക്ഷണത്തിനുള്ള നിർദേശങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം.

എംഎസ്എംഇകൾക്ക്‌ നൂതന പദ്ധതികൾ

സൂക്ഷ്‌മ, ചെറുകിട, ഇടത്തരം മേഖലകളിലെ ഉൽപ്പാദനക്ഷമത ഉയർത്താനുള്ള പദ്ധതികളും പ്രതീക്ഷിക്കാം. ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, നൂതനത്വം ഉറപ്പാക്കൽ എന്നിവയ്‌ക്കായിരിക്കും ഊന്നൽ. കെഎസ്ആർടിസി ഉൾപ്പെടെ പീഡിത വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണം, അസംഘടിത, സ്‌കീം വർക്കർ മേഖലകളിലെ കൂലിയും സേവന വ്യവസ്ഥകളും മെച്ചപ്പെടുത്തൽ, ഇതിന്‌ സർക്കാർ ധനസഹായം തുടങ്ങിയവയെല്ലാം ബജറ്റിന്റെ പരിഗണനാ വിഷയങ്ങളാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News