കരുതലിന്‍റെ കരുത്ത്, കരുത്തുറ്റ കുതിപ്പ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചരലക്ഷം വോട്ടിന് എല്‍ഡിഎഫ് മുന്നില്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത്‌ അടിസ്ഥാനത്തിൽ എൽഡിഎഫിന്‌ യുഡിഎഫിനേക്കാൾ അഞ്ചരലക്ഷം വോട്ടിന്റെ ലീഡ്‌. 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണമാണ്‌. വയനാട്ടിൽ ഒപ്പത്തിനൊപ്പവും. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ട അന്തിമ കണക്കുകളിൽനിന്ന്‌ വ്യക്തമാകുന്നത്‌ കേരളത്തിന്റെ ഗ്രാമീണ മേഖലയിലാകെ 5,49,264 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്‌.

തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ്‌ട്രീയ സ്വഭാവത്തോടെ പൊതുവിൽ പരിഗണിക്കുന്നത്‌ ജില്ലാപഞ്ചായത്തിലേക്കുള്ള വോട്ടുകളാണ്‌. സിപിഐ എമ്മിനു മാത്രമായി 44,81,824 വോട്ട്‌ ലഭിച്ചപ്പോൾ കോൺഗ്രസിന്‌ 42,99,497 വോട്ടും ബിജെപിക്ക്‌ 23,96,528 വോട്ടുമാണ്‌ നേടാനായത്‌.

എൽഡിഎഫിൽ സിപിഐക്ക്‌ 12,89,980 വോട്ടും കേരള കോൺഗ്രസ്‌ എമ്മിന്‌ 4,98,115 വോട്ടും ലഭിച്ചു. മുസ്ലിംലീഗിന്‌ കിട്ടിയത്‌ 15,41,456 വോട്ടാണ്‌. ജില്ലാ ഡിവിഷനുകളിൽ മൂന്നിൽരണ്ടും എൽഡിഎഫ്‌ പിടിച്ചടക്കി. ആകെയുള്ള 331 സീറ്റിൽ 212. യുഡിഎഫിന്‌ 110 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. ബിജെപിക്ക്‌ ആകെയുള്ളത്‌ രണ്ട്‌ സീറ്റ്‌ മാത്രം.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ സിപിഐ എമ്മിന്‌ 51,12,076 വോട്ട്‌ ലഭിച്ചപ്പോൾ കോൺഗ്രസിന്‌ കിട്ടിയത്‌ 48,97,024 വോട്ടുമാത്രം. 152 ബ്ലോക്കിൽ 105 എണ്ണത്തിലും എൽഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുണ്ട്‌. ആകെയുള്ള 2080 ബ്ലോക്ക്‌ ഡിവിഷനിൽ 1266 ഇടത്തും എൽഡിഎഫിനാണ്‌ വിജയം. ഇതിൽ 961ഉം സിപിഐ എമ്മിനാണ്‌. സിപിഐക്ക്‌ 211. യുഡിഎഫിന്‌ വെറും 727. ബിജെപിക്ക്‌ 37.

ഗ്രാമപഞ്ചായത്ത്‌ വാർഡുകളുടെ എണ്ണത്തിൽ യുഡിഎഫിന്‌ ആകെ ലഭിച്ചതിനേക്കാൾ സീറ്റ്‌ സിപിഐ എമ്മിന്‌ മാത്രമായി ലഭിച്ചു.

യുഡിഎഫിന്‌ 5893. സിപിഐ എമ്മിന്‌ മാത്രമായി 5947. സ്വതന്ത്രരെ കൂട്ടാതെ എൽഡിഎഫിനാകെ 7262 സീറ്റ്‌ ലഭിച്ചപ്പോൾ യുഡിഎഫിനുള്ളത്‌ 5893. ബിജെപിക്ക്‌ ആകെയുള്ളത്‌ 1182 സീറ്റ്‌. കേരള കോൺഗ്രസ്‌ മാണി വിഭാഗം 257 സീറ്റ്‌ നേടിയപ്പോൾ ജോസഫ്‌ വിഭാഗത്തിനുള്ളത്‌ 178 സീറ്റ്‌. 1425 സ്വതന്ത്രരും വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News