സുഗതം…സൗകുമാര്യം; മലയാളത്തിന്‍റെ പ്രിയപ്പെട്ട കവിക്ക് വിട; മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി ടീച്ചർ (86) മരണത്തിനു കീഴടങ്ങി. ബുധനാഴ്ച രാവിലെ 10.52 നാണ് അന്ത്യം സംഭവിച്ചത്.

കോവിഡ്  ബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിലെത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നും വന്നപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെൻ്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്.

ഉടനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡിൻ്റെ ഭാഗമായ കടുത്ത ബ്രോങ്കോ ന്യുമോണിയ മൂലമുള്ള ശ്വാസതടസം പ്രധാന കാരണമായിരുന്നു. ശ്വാസകോശമാകമാനം ന്യുമോണിയ ബാധിച്ചതിനാൽ യന്ത്രസഹായത്തോടെയുള്ള ശ്വസന പ്രക്രിയ പോലും ബുദ്ധിമുട്ടായി.

നേരത്തേ ഹൃദ്രോഗ ബാധിതയായിരുന്ന സുഗതകുമാരിയ്ക്ക് ചികിത്സയിലിരിക്കെ രണ്ടു തവണയുണ്ടായ ഹൃദയാഘാതവും ജീവൻ നിലനിർത്തുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായിരുന്നു. ഇതോടൊപ്പം ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത നില കൂടിയായതോടെ ആരോഗ്യനില കൂടുതൽ വഷളായി.

ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദേശാനുസരണം സുഗതകുമാരിയുടെ ജീവൻ നിലനിർത്താൻ ചികിത്സയ്ക്കു വേണ്ട എല്ലാ സംവിധാനവും ആശുപത്രി അധികൃതർ ചെയ്തിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, കോവിഡ് സെല്ലിൻ്റെ ചുമതലയുള്ള ഡോ നിസാറുദീൻ  എന്നിവരുടെ നേതൃത്വത്തിൽ വിവിധ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധ സംഘം രൂപീകരിച്ചാണ് ചികിത്സയ്ക്ക് മേൽനോട്ടം നൽകിയത്.

കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരാണ് ചികിത്സയുടെ ഭാഗമായത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ബന്ധുക്കൾക്ക് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel