മണ്ണിനും മരങ്ങള്‍ക്കും മനുഷ്യനും വേണ്ടി കവിത കുറിച്ച എ‍ഴുത്തുകാരി; എപ്പോ‍ഴും കയറിച്ചെല്ലാവുന്നൊരിടം അനാഥമായി: മന്ത്രി കടകംപള്ളി

ഏറെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ പോയി. ആ സ്നേഹവും സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓർമ മാത്രം. മണ്ണിന് വേണ്ടി, മരങ്ങൾക്ക് വേണ്ടി, മനുഷ്യന് വേണ്ടി കവിത കുറിക്കുകയും പ്രതികരിക്കുകയും ചെയ്ത കവയത്രിയാണ് ആകസ്മികമായി വിടവാങ്ങിയത്.

ഏറെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ പോയി. ആ സ്നേഹവും സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓർമ മാത്രം. മണ്ണിന് വേണ്ടി,…

Posted by Kadakampally Surendran on Tuesday, 22 December 2020

ബോധേശ്വരൻ റോഡിലെ ടീച്ചറുടെ വീട് എപ്പോഴും കയറി ചെല്ലാവുന്ന ഒരിടമായിരുന്നു. കാണുമ്പോഴെല്ലാം അടുപ്പത്തോടെ സംസാരിക്കുകയും എതിർപ്പുള്ള കാര്യങ്ങളിൽ കലഹിക്കുകയും ചെയ്യുമായിരുന്നു ടീച്ചർ. സകലർക്കും അമ്മയായി സകല ജീവജാലങ്ങളെയും അഗാധമായി സ്നേഹിച്ച ടീച്ചർ വിട വാങ്ങിയെങ്കിലും ടീച്ചർ എഴുതിയ കവിതകളും നടത്തിയ ഇടപെടലുകളും അനശ്വരമായി ഇവിടെ നിലകൊള്ളും.

കോവിഡ് ബാധിതയായി ഗുരുതരാവസ്ഥയിലായപ്പോഴും പോരാളിയായ ടീച്ചർ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടീച്ചർ പോയി. ടീച്ചറിന്റെ ‘നന്ദി’ എന്ന കവിതയിലെ അവസാന വരികൾ ടീച്ചറുടെ ശബ്ദത്തിൽ കാതിൽ മുഴങ്ങുന്നു.

“ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെക്കുവാനൊന്നുമില്ലാതെ
തീർത്തു ചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാൻ പോകവേ, നിങ്ങൾ
കേട്ടുനിന്നുവോ! തോഴരേ, നന്ദി, നന്ദി.”

സകലതിനും നന്ദി പറഞ്ഞ് സകലരോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിച്ച ടീച്ചർ മലയാളമുള്ളിടത്തോളം മനസുകളിലുണ്ടാകും. ഒരു രാത്രിമഴ പോലെ ടീച്ചറെ കുറിച്ചുള്ള ഓർമ്മകൾ നൊമ്പരം തീർക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News