മുക്കം നഗരസഭയില്‍ ലീഗ് വിമതന്‍ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു

മുക്കം നഗരസഭയില്‍ ലീഗ് വിമതന്‍ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. അബ്ദുള്‍ മജീദ് പിന്തുണക്കുന്നതോടെ നഗരസഭാ ഭരണം എല്‍ ഡി എഫിന് ലഭിക്കും. ഇത്തവണ യു ഡി എഫ് – വെല്‍ഫയര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എല്‍ ഡി എഫ് വീണ്ടും ഭരണത്തിലേറുന്നത്.

യു ഡി എഫ് – വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന്റെ പരീക്ഷണ ശാലയായ മുക്കത്ത് യു ഡി എഫിന് കനത്ത പ്രഹരമേല്‍പ്പിച്ചാണ് ലീഗ് വിമതന്‍ നിലപാട് പ്രഖ്യാപിച്ചത്.

32 അംഗ നഗരസഭയില്‍ അബ്ദുള്‍ മജീദ് പിന്തുണച്ചതോടെ എല്‍ ഡി എഫിന് 16 പേരുടെ അംഗബലമായി. യു ഡി എഫ് – വെല്‍ഫയര്‍ സഖ്യം 15, ബി ജെ പി ക്ക് 2 ഉം അംഗങ്ങളുണ്ട്.

ബി ജെ പി 2 മുന്നണികളേയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡിവിഷന്റെ വികസനത്തിനായി എല്‍ ഡി എഫ് സഹായിക്കുമെന്ന് അറിയിച്ചതിനാലാണ് പിന്തുണയെന്ന് അബ്ദുള്‍ മജീദ് കൈരളി ന്യൂസിനോട് പറഞ്ഞു.

ലീഗ് പ്രാദേശിക നേതൃത്വം വഞ്ചന കാണിച്ചെന്ന് അബ്ദുള്‍ മജീദ് ആവര്‍ത്തിച്ചു. അര്‍ഹത ഉണ്ടായിട്ടും മത്സരിപ്പിച്ചില്ലെന്നു തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സഹായം ലഭിച്ചെന്നും മജീദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പിന്തുണ പ്രഖ്യാപിച്ച ശേഷം എല്‍ ഡി എഫ് നേതാക്കളുമൊത്ത് മുക്കത്ത് അബ്ദുള്‍ മജീദ് വാര്‍ത്താ സമ്മേളനം നടത്തി. മജീദിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപന സമിതി രൂപീകരിക്കുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here