വാര്‍ത്താസമ്മേളനം കണ്ടുതുടങ്ങിയ ഇഷ്ടം; ഒടുവില്‍ പിണറായി അപ്പൂപ്പനെ കണ്ട് ചുവന്നമാല അണിയിച്ച് അവന്തിക

ദിവസവും വൈകിട്ട് ടിവിയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അവന്തിക മുടങ്ങാതെ കാണും. അപ്പോള്‍ തുടങ്ങിയതാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടം. മുഖ്യമന്ത്രി കൊല്ലത്തുവരുമ്പോള്‍ കാണിക്കാമെന്ന് അമ്മ ഡോ. സുബി അവള്‍ക്ക് ഉറപ്പുംനല്‍കി.

ആ മൂന്നുവയസ്സുകാരിയുടെ ആഗ്രഹം ഒന്നുമാത്രം. പിണറായി അപ്പൂപ്പനെ കാണണം. കൊല്ലം ഡീസന്റ്മുക്ക് വെറ്റിലത്താഴം സഞ്ചാവിളയില്‍ (അപ്പൂസ്) ആദര്‍ശിന്റെയും ഡോ. സുബിയുടെയും മകളായ അവന്തികയാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

വാതിലില്‍ കുഞ്ഞുമുഖം കണ്ടപ്പോള്‍ ചിരിയോടെ മുഖ്യമന്ത്രി മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. അകത്തുകയറിയ ഉടനെ മുഖ്യമന്ത്രിക്കൊപ്പം കസേരയില്‍ ഇരിപ്പായി. കൈയില്‍ കരുതിയ പൂച്ചെണ്ടും റോസാപ്പൂവും ചുവന്നമാലയും അല്‍പ്പം കുറുമ്പോടെ നല്‍കി. അവന്തികയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി വിശേഷങ്ങള്‍ അന്വേഷിച്ചു.

ഓരോ ചോദ്യങ്ങള്‍ക്കും മുറിഞ്ഞും മുഴുപ്പിച്ചും മറുപടി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് പലപ്പോഴും ചിരി വിടര്‍ന്നു. തുടര്‍ന്ന് ചുവന്നമാല മുഖ്യമന്ത്രി അവന്തികയുടെ കഴുത്തിലണിഞ്ഞു. ഇതെല്ലാം പകര്‍ത്തി ക്യാമറകള്‍ മിന്നി.

അമ്മ സുബി, അമ്മൂമ്മ സൂര്യ എന്നിവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ കുശലാന്വേഷണം നടത്തി. റസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ അവന്തിക തെല്ലുഗമയോടെ പറഞ്ഞു: ‘ഞാന്‍ പിണറായി അപ്പൂപ്പനെ കണ്ടല്ലോ..!’ ടിവിയില്‍ മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഒരു ദിവസം ഇല്ലാതിരുന്നാല്‍ അവന്തിക വീട്ടില്‍ ബഹളംകൂട്ടുമെന്നും വൈകിട്ട് ആറിന് മറ്റൊരു പരിപാടിയും കാണാന്‍ ആരെയും അനുവദിക്കാറില്ലെന്നും ദന്ത ഡോക്ടറായ അമ്മ സുബി പറഞ്ഞു.

പത്രത്തില്‍ മുഖ്യമന്ത്രിയുടെ പടം കണ്ടാല്‍ ഉടന്‍ ഉറക്കെ പറയും ‘പിണറായി അപ്പൂപ്പന്‍’. മകളുടെ ഈ സ്നേഹം കണ്ട് ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടുവിളിച്ചു. അങ്ങനെയാണ് ചൊവ്വാഴ്ച കൊല്ലത്ത് അദ്ദേഹം എത്തുന്നുണ്ടെന്ന വിവരം കണ്ടത്.

സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അരുണ്‍കുമാറിന്റെ സഹായത്തോടെ സുബിയും കുടുംബവും പൊളയത്തോട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി മകളുടെ ആഗ്രഹം പറഞ്ഞു. അതോടെയാണ് മുഖ്യമന്ത്രിയെ നേരില്‍കാണാനുള്ള അവസരം ഒരുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News