ആളിക്കത്തി കര്‍ഷക പ്രക്ഷോഭം ഒരു മാസത്തിലേക്ക്; കര്‍ഷകരുടെ വാഹനജാഥ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തും

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം ഒരു മാസത്തിലേക്ക്. അതിശൈത്യത്തോടും പ്രതികൂല കാലവസ്ഥയോടും പോരാടിയാണ് കര്‍ഷകര്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ വാഹനജാഥ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ എത്തും. അതേ സമയം കാര്‍ഷിക നിയമത്തെ അനുകൂലിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ കര്‍ഷകരെ അഭിസംബോധന ചെയ്യും.

അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക സമരം ഒരു മാസം പിന്നിടുമ്പോഴും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നു. അതിശൈത്യത്തെയും അവഗണിച്ചുകൊണ്ട് അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലുമാണ്. 32 കര്‍ഷകര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. എന്നാലും പോരാട്ടം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല .

നാസിക്കില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ വാഹനജാഥ ഇന്ന് ഉച്ചയോടെ ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തിച്ചേരും. ഇതോടെ സമരം കൂടുതല്‍ ശക്തമാകും. പക്ഷെ കേന്ദ്രസര്‍ക്കാരാകട്ടെ കര്‍ഷക സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കത്തിലുമാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 9 കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും.

കാര്‍ഷിക നിയമത്തെ ന്യായീകരിക്കുന്ന നിലപാട് ആവര്‍ത്തിക്കുക തന്നെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ലക്ഷ്യവും. അതിനിടയില്‍ സമരത്തിലില്ലാത്ത കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി കര്‍ഷകരെ തെറ്റിധരിപ്പിക്കാനുള്ള നീക്കങ്ങളും ശക്തമാണ്. എന്നാലും നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News