റോമാ സാമ്രാജ്യത്തെ ഞെട്ടിച്ച ആദ്യ ക്രിസ്മസ്; ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ ലേഖനം

ആദ്യത്തെ ക്രിസ്മസ് അന്ന് നിലവിലിരുന്ന റോമാ സാമ്രാജ്യത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു. മര്‍ദിതരുടെയും പീഡിതരുടെയും വിമോചകനായിട്ടാണ് യേശു പിറവിയെടുത്തത് എന്നറിഞ്ഞ റോമാ ചക്രവര്‍ത്തി, യേശു എന്ന പുതിയ രാജാവ് തങ്ങളുടെ അധീശത്വ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകും എന്ന തിരിച്ചറിവില്‍ യേശുവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി.

ആ നിഗൂഢപദ്ധതിയില്‍ പക്ഷേ യേശുവിനെ വധിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് സാധിച്ചില്ലെങ്കിലും ആയിരക്കണക്കിന് ശിശുക്കള്‍ കൊല്ലപ്പെട്ടു. അധിനിവേശ ശക്തികള്‍ എല്ലാ കാലത്തും തങ്ങള്‍ക്ക് ഭീഷണിയാകുന്ന ജനകീയ വിമോചന നേതാക്കളെ നിഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളുടെ ജീവനും ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്.

യേശു പിറന്ന ബെത്ലഹേം (പലസ്തീന്‍) ഇന്ന് നവ സാമ്രാജ്യത്വത്തിന്റെ അധിനിവേശം നേരിടുകയാണ്. പലസ്തീന്‍കാരുടെ മാതൃഭൂമി ഇസ്രയേല്‍ എന്ന ആധുനിക രാജ്യം തങ്ങളുടെ കോളനിയാക്കി ഭരിക്കുകയാണ്. പലസ്തീന്‍ ജനതയുടെ ഭൂമിയും വിഭവങ്ങളും ഇസ്രയേല്‍ ഒന്നൊന്നായി കൈയടക്കിക്കൊണ്ടിരിക്കുന്നു.

അധീശത്വമൂല്യങ്ങളെ ഇല്ലാതാക്കി നീതിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ ഈ ലോകത്തില്‍ പിറവിയെടുത്ത യേശുക്രിസ്തുവിന്റെ ജന്മസ്ഥലംപോലും ഇന്ന് നവ കൊളോണിയലിസത്തിന്റെ ഭൂമികയായി മാറിയിരിക്കുന്നു. ഇത്തരം അധിനിവേശ ശക്തികള്‍ക്കും സംസ്കാരങ്ങള്‍ക്കും എതിരെയുള്ള ജനകീയപ്രതിരോധമായി ക്രിസ്മസ് ആഘോഷങ്ങള്‍ മാറണം. ഈ ക്രിസ്മസ് നാളുകളില്‍പ്പോലും തങ്ങളുടെ അതിജീവനത്തിനായും കാര്‍ഷികരംഗത്തെ കോര്‍പറേറ്റ് അധിനിവേശത്തില്‍നിന്ന് സംരക്ഷിക്കുന്നതിനുംവേണ്ടി നടത്തുന്ന കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നതാണ് ഈ കാലത്തെ അര്‍ഥവത്തായ ക്രിസ്മസ് ആചരണം.

നവജാതശിശുവായ യേശുവിനെ സ്വേച്ഛാധിപത്യശക്തികളുടെ നിഗ്രഹ വാള്‍മുനയില്‍നിന്ന് രക്ഷിക്കാന്‍ മാതാപിതാക്കളായ മറിയക്കും ഔസേഫിനും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വരുന്നവരുടെയും ആഭ്യന്തര യുദ്ധങ്ങള്‍മൂലവും ജാതി, മത, വര്‍ണ, ലിംഗ ഭേദങ്ങളുടെയും വൈരങ്ങളുടെയും പേരില്‍ സ്വന്തം നാട്ടില്‍നിന്ന് അഭയംതേടി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെയും പ്രതിനിധിയും പ്രതീകവും കൂടിയാകുന്നു യേശു എന്ന ശിശു.

ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ അതിര്‍ത്തിയില്‍ മെക്സിക്കോക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ മതില്‍കെട്ടി തടയുമെന്ന് പ്രഖ്യാപിച്ചതും പലസ്തീന്‍ ഭൂമിയില്‍ ഇസ്രയേല്‍ വിവേചനത്തിന്റെ കൂറ്റന്‍ മതില്‍ സ്ഥാപിച്ചതും ആ പ്രക്രിയ തുടരുന്നതും ജാതിമത വര്‍ണ ലിംഗ വ്യത്യാസങ്ങളുടെ പേരില്‍ സമൂഹങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും ജനങ്ങളെ ബഹിഷ്കരിക്കുന്നതും എല്ലാം മനുഷ്യപുത്രന്–- യേശുവിന് പിറക്കാന്‍ ഇടം നിഷേധിച്ച ക്രിസ്മസ് സംഭവത്തിന്റെ കാലിക ആവിഷ്കാരങ്ങളാണ്.

ഏറ്റവും അടുത്ത കാലത്ത് നമ്മുടെ രാജ്യത്ത് ചില പ്രത്യേക രാജ്യങ്ങളില്‍നിന്ന് വരുന്ന മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിയമമൊക്കെ ഈ ഇടം നിഷേധിക്കലിന്റെ ക്രിസ്മസ് ആവര്‍ത്തനങ്ങളാകുന്നു. ഇത്തരം വിവേചനത്തിന്റെയും വിഭജനത്തിന്റെയും മതിലുകള്‍ തകര്‍ത്ത് തല്‍സ്ഥാനത്ത് സാഹോദര്യത്തിന്റെയും സമഭാവനയുടെയും മനുഷ്യത്വത്തിന്റെയും പാലങ്ങള്‍ രൂപപ്പെടുമ്ബോഴാണ് ക്രിസ്മസ് സാര്‍ഥകമാകുന്നത്.
ജിബ്രാന്‍ പറഞ്ഞിട്ടുണ്ട്–-‘‘ക്രിസ്തുവിന്റെ മനുഷ്യാവതാരം ലോകത്തിലെ ഏറ്റവും വലിയ പ്രോട്ടോകോള്‍ ലംഘനമാണ് ’’.

ലോകത്തിന്റെ പ്രോട്ടോകോള്‍ പ്രകാരം കൊട്ടാരത്തില്‍ പിറക്കേണ്ട രാജാവ് പശുത്തൊഴുത്തില്‍ ജനിക്കുന്നു. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും പശ്ചാത്തലത്തില്‍ പിറക്കുന്നു. ഈ പ്രോട്ടോകോള്‍ ലംഘനം യേശുവിന്റെ ജീവിതത്തില്‍ ഉടനീളം കാണുന്നു. അശ്വാരൂഢനായി എഴുന്നെള്ളി വരേണ്ട രാജാവ് കഴുതയെ വാഹനമാക്കുന്നു. യഹൂദ മതത്തിന്റെ പ്രോട്ടോകോളുകള്‍ ഒന്നൊന്നായി ഉല്ലംഘിച്ച്‌ കുഷ്ഠരോഗിയ തൊടുകയും ശമര്യ സ്ത്രീയോട് സംസാരിക്കുകയും വെള്ളം വാങ്ങി കുടിക്കുകയും ഒക്കെ ചെയ്തു യേശുക്രിസ്തു.

ഈ യേശുവിന്റെ പിറവിയായ ക്രിസ്മസ് ആഘോഷിക്കേണ്ടത് സാധാരണക്കാരില്‍, ദരിദ്രരില്‍, ബഹിഷ്കൃതരില്‍ യേശുവിനെ ദര്‍ശിച്ചും അനുഭവിച്ചും ആകണം. ടാഗോര്‍ പറഞ്ഞതുപോലെ, ഓരോ പിറവിയും ദൈവത്തിന് മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല എന്ന സൂചനയാണ്. ആ പ്രതീക്ഷയാകട്ടെ ക്രിസ്മസിന്റെ സന്ദേശവും ലക്ഷ്യവും. എല്ലാ അധീശത്വ, ചൂഷക ശക്തികളും ഇല്ലാതാകും–-നീതി പുലരും എന്ന പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News