തഞ്ചാവൂര്‍ കാറ്റിന് നെല്ലിന്റെ മണം മാത്രമല്ല പൊരുതുന്ന മനുഷ്യരുടെ പ്രതിരോധത്തിന്റെ ഗന്ധവുമുണ്ട്; കീഴ്‌വെണ്‍മണി രക്തസാക്ഷികളെ സ്മരിച്ച് എ വിജയരാഘവന്‍

52 വര്‍ഷം മുന്നത്തെ വീറുറ്റ കീഴ്‌വെണ്‍മണി സമരപോരാട്ടത്തെയും രക്തസാക്ഷികളെയും ഓര്‍ത്തെടുത്ത് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ദുരിതങ്ങൾക്കെതിരായ അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് ജന്മി ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ച് പോലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടത്.

കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ് വെൺമണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി.1968 ഡിസംബർ 25ന് പുറത്തുള്ള ആളുകളെ ഇറക്കി പണിയെടുപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.

അന്ന് രാത്രി 10 മണിക്ക് നായിഡുവിന്റെ നേതൃത്വത്തിൽ തോക്കുധാരികളായ ഗുണ്ടകൾ ഗ്രാമം വളഞ്ഞു. നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലിൽ അഭയം പ്രാപിച്ചു. ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെ 4 പേരെ തീയിലേക്ക് വലിച്ചെറിഞ്ഞു. 44 പേർ മൃഗീയമായി കൊല്ലപ്പെട്ടു.

പലപ്രാവശ്യം കീഴ് വെണ്മണിയിൽ പോയിട്ടുണ്ട്. ഓരോ യാത്രയും നമ്മുടെ സമര സംഘടനാ പ്രവർത്തനത്തിന് കരുത്തും ഊർജവും പകരുന്ന ഓർമ്മകളാണ്. പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം വിരചിച്ച കീഴ് വെണ്മണി പോരാളികൾക്ക് ലാൽസലാം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തൃശിനാപ്പള്ളിയിൽ നിന്ന് കിഴക്കോട്ടുള്ള യാത്രകൾ ആരെയും ഹരം പിടിപ്പിക്കുന്നതാണ്. നഗരം പിന്നിട്ടാൽ നാം പുന്നെല്ലിന്റെ ഗന്ധമുള്ള തഞ്ചാവൂർ പാടശേഖരങ്ങളിലൂടെയാണ് യാത്ര ചെയ്യുക. നിറയെ നേൽപ്പാടങ്ങൾ. കൊയ്ത്തുകഴിഞ്ഞ് നെല്ല് കൂട്ടിയിട്ട തുറന്ന സ്ഥലങ്ങൾ, ചിതറി ഭിന്നവഴികളിലൂടെ ഒഴുകുന്ന ചെറുകാവേരികൾ. തമിഴരുടെ കരുത്തും അധ്വാനവും നെന്മണികളായി വിളയുന്ന ‘കുറുവ’ കൃഷിയിടങ്ങൾ. നല്ല മണമുള്ള ‘കുറുവ’ അരിയുടെ കഞ്ഞിവെള്ളത്തിന് രുചിയേറും.

തഞ്ചാവൂർ കാറ്റിന് നെല്ലിന്റെ മണം മാത്രമല്ല, പൊരുതുന്ന മനുഷ്യന്റെ വീറുറ്റ പോരാട്ടത്തിന്റെ ശക്തിയും പ്രതിരോധത്തിന്റെ ഗന്ധവുമുണ്ട്. തഞ്ചാവൂരിൽ നിന്ന് തിരുവാരൂരിലേക്കും തുടർന്ന് നാഗപട്ടണത്തേക്കും പോകുന്ന രാജപാതയിൽ നിന്ന് വലത്തോട്ട് വഴിമാറുമ്പോൾ നാം ചെന്നെത്തുന്നത് കീഴ് വെണ്മണിയിലേക്കാണ്. ജന്മിത്തത്തിനും ജാതി മേധാവിത്വത്തിനും എതിരെ എണ്ണമറ്റ സമരങ്ങൾ നടന്ന മണ്ണാണിത്.

52 വർഷം മുമ്പ് ഒരു ക്രിസ്തുമസ് ദിനത്തിൽ ഈ കീഴ് വെണ്മണി ഗ്രാമത്തിൽ 44 മനുഷ്യരെയാണ് തീയിട്ട് കൊലപ്പെടുത്തിയത്. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 16 സ്ത്രീകളും 21 കുട്ടികളും ഉൾപ്പടെ 44 പേരെ ജീവനോടെ ചുട്ടെരിച്ചത്. ചെങ്കൊടിയുടെ തണലിൽ അവകാശപോരാട്ടം നടത്തി രക്തസാക്ഷികളായവരുടെ അമരത്വത്തിന്റെ പേരാണ് ‘കീഴ് വെണ്മണി’.

തമിഴ്നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ CPI(M) നേതൃത്വത്തിൽ കർഷക തൊഴിലാളികൾ മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ, സ്വന്തമായി ഭൂമിയില്ലാത്ത കൂരകളിൽ താമസിക്കുന്ന ദളിതർ, അപ്പുറത്ത് ആയിരക്കണക്കിന് ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ. (എന്തിനും അധികാരമുള്ള പണ്ണയാർമാർ) യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത അടിമകളായിരുന്നു കർഷക തൊഴിലാളികൾ.

1940 കളിൽ തഞ്ചാവൂരിലെ കർഷക തൊഴിലാളികളുടെ അവസ്ഥ CPI(M) പൊളിറ്റ് ബ്യൂറോ അംഗമായ സഖാവ് ജി.രാമകൃഷ്ണൻ തന്റെ “കീഴതഞ്ചൈ വ്യവസായികൾ ഇയക്കവും ദളിത് മക്കൾ ഉരിമൈകളും” എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

പുലർച്ചെ 4 മണി മുതൽ വൈകുന്നേരം വരെ ജോലി ചെയ്യണം. രണ്ടു നേരം പഴങ്കഞ്ഞിയും
ആഴ്ചയിലൊരിക്കൽ തുച്ഛമായ കൂലിയുമായിരുന്നു ലഭിച്ചിരുന്നത്. അസുഖമാണെങ്കിലും ജോലി ചെയ്യണം. ഇല്ലെങ്കിൽ ചാണകവെള്ളം കുടിപ്പിക്കലും ചാട്ടവാറടിയുമായിരുന്നു ശിക്ഷ. ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം കഴിക്കാനാവൂ. വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു.

ദുരിതങ്ങൾക്കെതിരായ അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് ജന്മി ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ച് പോലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടത്. കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ് വെൺമണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി.1968 ഡിസംബർ 25ന് പുറത്തുള്ള ആളുകളെ ഇറക്കി പണിയെടുപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. അന്ന് രാത്രി 10 മണിക്ക് നായിഡുവിന്റെ നേതൃത്വത്തിൽ തോക്കുധാരികളായ ഗുണ്ടകൾ ഗ്രാമം വളഞ്ഞു. നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലിൽ അഭയം പ്രാപിച്ചു. ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെ 4 പേരെ തീയിലേക്ക് വലിച്ചെറിഞ്ഞു. 44 പേർ മൃഗീയമായി കൊല്ലപ്പെട്ടു.

ഇവിടെ ഇരുമുടിക്കെട്ട് മാതൃകയിൽ നെല്ല് കെട്ടി കൊണ്ടുവന്ന്, പുഷ്പാർച്ചനക്ക് പകരം നെല്ലാണ് അർപ്പിക്കുന്നത്. വർഷങ്ങളായി ഇത് തുടരുന്നുണ്ട്. “ഇന്ത ഒരു പടി നെല്ലു ക്കാകതാൻ 44 പേർ ഉയിർ ഇഴന്താർ… എപ്പടി മറക്കമുടിയും…” എന്നാണ് നെല്ലുമായി അനുസ്മരണത്തിനു വരുന്ന സഖാക്കൾ ഇപ്പോഴും ചോദിക്കുന്നത്.
പലപ്രാവശ്യം കീഴ് വെണ്മണിയിൽ പോയിട്ടുണ്ട്. ഓരോ യാത്രയും നമ്മുടെ സമര സംഘടനാ പ്രവർത്തനത്തിന് കരുത്തും ഊർജവും പകരുന്ന ഓർമ്മകളാണ്. പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം വിരചിച്ച കീഴ് വെണ്മണി പോരാളികൾക്ക് ലാൽസലാം.
ഡിസംബർ 25 ഉയർത്തുന്ന രണസ്മരണകൾക്ക് മുന്നിൽ ഒരായിരം രക്‌തപുഷ്പങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here