ചര്‍ച്ചയാകാമെന്ന് കര്‍ഷക സംഘടനകള്‍; ഡിസംബര്‍ 29 ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച; നാലിന അജണ്ട

രാജ്യ തലസ്ഥാന മേഖലയിൽ ഒരുമാസമായി തുടരുന്ന കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിന്‌ നാലിന അജൻഡയുടെ അടിസ്ഥാനത്തിൽ ചർച്ചയാകാമെന്ന്‌ കർഷകസംഘടനകൾ. 29ന്‌ പകൽ 11ന്‌ ചർച്ചയാകാമെന്ന്‌ സംയുക്ത കർഷക സമിതി നേതാക്കൾ കേന്ദ്രസർക്കാരിനെ അറിയിച്ചു.

40 കർഷകസംഘടനാ നേതാക്കൾ ഇതുസംബന്ധിച്ച്‌ കൃഷിമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി വിവേക്‌ അഗർവാളിന്‌ കത്ത്‌ നൽകി. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കുന്നതിനുള്ള നടപടിക്രമം, എല്ലാ വിളകൾക്കും ദേശീയ കർഷകമീഷൻ ശുപാർശചെയ്‌ത ആദായകരമായ മിനിമം താങ്ങുവില ലഭ്യമാക്കുന്നതിനുള്ള സംവിധാനം, രാജ്യതലസ്ഥാന മേഖലയിൽ മലീനീകരണം നിയന്ത്രിക്കാനായി കൊണ്ടുവന്ന ഓർഡിനൻസിന്റെ പരിധിയിൽനിന്ന്‌ കർഷകരെ ഒഴിവാക്കാനുള്ള ഭേദഗതികൾ, കർഷകരെ സംരക്ഷിക്കാൻ വൈദ്യുതിബില്ലിൽ വേണ്ട മാറ്റങ്ങൾ എന്നിവയെക്കുറിച്ച്‌ ചർച്ചചെയ്യാമെന്ന്‌‌ കത്തിൽ നിർദേശിച്ചു‌.

കർഷകരുടെ ശബ്ദം കേൾക്കണമെന്ന്‌ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻ ചർച്ചകളെക്കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നതിൽനിന്ന്‌ സർക്കാർ പിന്മാറണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു.

ഒരു കക്ഷികൂടി എൻഡിഎ വിട്ടു

കാർഷികനിയമങ്ങളിൽ പ്രതിഷേധിച്ച്‌ ലോക്‌സഭാംഗം ഹനുമാൻ ബെനിവാളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌താന്ത്രിക്‌ പാർടി(ആർഎൽപി) എൻഡിഎ വിട്ടു. രാജസ്ഥാൻ–ഹരിയാന അതിർത്തിയിലെ ഷാജഹാൻപുർ സമരകേന്ദ്രത്തിലാണ്‌ ബെനിവാൾ തീരുമാനം പ്രഖ്യാപിച്ചത്‌. ഈ വിഷയത്തിൽ ശിരോമണി അകാലിദൾ(എസ്‌എഡി) നേരത്തെ ബിജെപി ബന്ധം ഉപേക്ഷിച്ചു.

മഹാരാഷ്ട്ര സർക്കാർ രൂപീകരണ തർക്കത്തെ തുടർന്ന്‌ കഴിഞ്ഞ വർഷം ശിവസേനയും എൻഡിഎ വിട്ടു. തന്റെ അസാന്നിധ്യത്തിലാണ്‌ ലോക്‌സഭയിൽ കാർഷികബില്ലുകൾ പാസാക്കിയതെന്ന്‌ ബെനിവാൾ പറഞ്ഞു. സഭയിൽനിന്ന്‌ മാറ്റിനിർത്താൻ കോവിഡ്‌ പരിശോധനാഫലത്തിൽ കൃത്രിമം കാണിച്ചു.

lസഭയിൽ ഹാജരായിരുന്നെങ്കിൽ ബില്ലുകളെ എതിർത്തേനെ. ജനങ്ങൾ ഈ പരിഷ്‌കാരത്തിന്‌ എതിരാണ്‌–-അദ്ദേഹം പറഞ്ഞു. കർഷകസമരത്തോടുള്ള നിലപാടിൽ പ്രതിഷേധിച്ച്‌ പഞ്ചാബിൽനിന്നുള്ള മുൻ ലോക്‌സഭാംഗം ഹരീന്ദർസിങ് ഖൽസ ബിജെപിയിൽനിന്ന്‌ രാജിവച്ചു.

ലോങ്‌ മാർച്ച്‌ ഷാജഹാൻപുരിൽ

മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന്‌ അഖിലേന്ത്യാ കിസാൻസഭ നേതൃത്വത്തിൽ മധ്യപ്രദേശ്‌, രാജസ്ഥാൻ വഴി എത്തിയ ലോങ്‌മാർച്ച്‌ ഹരിയാന–-രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപുരിൽ തമ്പടിച്ചു. ഡൽഹിയിലേ‌ക്ക്‌ നീങ്ങാൻ പൊലീസ്‌ അനുവദിക്കാത്ത സാഹചര്യത്തിലാണ്‌ ഇവിടെ കുടിൽകെട്ടി സമരം‌.

ഉത്തർപ്രദേശ്‌, ഉത്തരഖണ്ഡ്‌ എന്നിവിടങ്ങളിൽനിന്ന്‌ ആയിരക്കണക്കിനു കർഷകർ‌ ‌ ഗാസിപുർ സമരകേന്ദ്രത്തിൽ എത്തി. ബുലന്ദ്‌ഷഹർ വഴി വന്ന കർഷകരെ യുപി പൊലീസിനു തടയാൻ കഴിഞ്ഞില്ല. അതിർത്തിയിൽ പൊലീസ്‌ തടഞ്ഞാൽ ഡൽഹി റിങ്‌ റോഡിൽ മാർച്ച്‌ നടത്തുമെന്ന്‌ കർഷകസംഘടനകൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News