കര്‍ഷക നിയമം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാ‍ഴാ‍ഴ്ച

കാർഷികരംഗവും കർഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്നങ്ങൾ ചർച്ചചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്‌ച ചേരും.

ഞായറാഴ്‌ച ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടേക്കുമെന്ന്‌ ഗവർണറുടെ ഓഫീസ്‌ വൃത്തങ്ങൾ വ്യക്തമാക്കി. 14-ാം കേരള നിയമസഭയുടെ 21-ാം സമ്മേളനം 31നു വിളിച്ചുചേർക്കാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിക്കുമെന്ന നിലപാടിലാണ്‌ ഗവർണർ.

ഭക്ഷ്യധാന്യങ്ങൾക്ക്‌ ഇതരസംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന കേരളത്തിന്‌ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഏറെ ഉൽക്കണ്ഠയുണ്ടാക്കുന്നതാണെന്ന സർക്കാർ നിലപാട്‌ അംഗീകരിച്ചാണ്‌ സമ്മേളനത്തിന്‌ ഗവർണർ അനുമതി നൽകുന്നത്‌.

കർഷക വിഷയം ചർച്ചചെയ്യാൻ 23നു നിയമസഭ വിളിച്ചുചേർക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തെങ്കിലും ഗവർണർ അത്‌ അംഗീകരിച്ചില്ല. വ്യാഴാഴ്‌ച ചേർന്ന മന്ത്രിസഭായോഗം 31നു പ്രത്യേക സമ്മേളനം വിളിക്കാൻ വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

പൊതുതാൽപ്പര്യ വിഷയമായതിനാൽ നിയമസഭ ചർച്ച ചെയ്യുന്നത് ഉചിതമാണെന്ന നിലപാട്‌ സർക്കാർ ഗവർണറെ അറിയിച്ചു. മുഖ്യമന്ത്രി നൽകിയ കത്തിലും ഇക്കാര്യം വ്യക്തമാക്കി.

മന്ത്രിമാരായ എ കെ ബാലനും വി എസ്‌ സുനിൽകുമാറും ഗവർണറെ സന്ദർശിച്ച്‌ സമ്മേളനം ചേരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു.

വർഷാരംഭത്തിലെ ആദ്യ സഭാസമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്‌ ക്ഷണിക്കാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും ഗവർണറെ സന്ദർശിച്ചു. ജനുവരി എട്ടിനാണ്‌ സമ്മേളനം തുടങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News