ഗവര്‍ണര്‍ ഭരണഘടന വായിക്കണം: അഡ്വക്കേറ്റ് ടി കെ സുരേഷ് എ‍ഴുതുന്നു

നിരവധി അധികാര രാഷ്ട്രീയ പദവികളുടെ പങ്കുപറ്റലുകള്‍ക്കു ശേഷം തന്നെയാണ് ശ്രീ: ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണ്ണറുടെ സുഖലോലുപമായ അധികാര കസേരയില്‍ കയറിപ്പറ്റിയിട്ടുള്ളത്.

ഫെഡറൽ സംവിധാനത്തിൽ യൂണിയൻ ഗവൺമെന്റും സംസ്ഥാന സർക്കാറും തമ്മിലുള്ള കണക്റ്റിങ്ങ് ലിങ്ക് മാത്രമാണ് ഗവർണ്ണർ.

സർക്കാറുകൾക്കിടയിലെ നിഷ്പക്ഷനായ മധ്യവർത്തി എന്നതിനു പകരം കേന്ദ്രഗവൺമെൻ്റിൻ്റെ പ്രതിനിധി, അല്ലെങ്കിൽ വിധേയനായ കാര്യസ്ഥൻ എന്ന നിലയിലാണ് നിർഭാഗ്യവശാൽ പല ഗവർണ്ണർമാരും പലപ്പോഴും പ്രവർത്തിച്ചു വരുന്നത്

കേന്ദ്ര സർക്കാറിൻ്റെ കർഷക വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കും കരിനിയമങ്ങൾക്കുമെതിരെ രാജ്യമെമ്പാടും കർഷക സമരങ്ങൾ ആളിപ്പടരുമ്പോൾ , അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നത് ഏതൊരു പൗരൻ്റെയും മാത്രമല്ല ജനാധിപത്യ സംവിധാനത്തിൻ്റെയും ഉത്തരവാദിത്വമാണ്.

ആ ഉത്തരവാദിത്വം ഫെഡറൽ സംവിധാനത്തിൽ ഉറച്ചു നിന്നു കൊണ്ട് ജനാധിപത്യപരമായി നിറവേറ്റാനാണ് CPI(M) നേതൃത്വം നൽകുന്ന കേരളത്തിലെ LDF സർക്കാർ ശ്രമിച്ചത്.

രാജ്യത്തെ ജനതയുടെ അന്നദാതാക്കളായ കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമങ്ങൾക്കെതിരെ പ്രതിക്ഷേധിക്കാനും, ഭരണഘടനാപരമായി സാദ്ധ്യമാകുംവിധം നിയമ നിര്‍മ്മാണം നടത്താനും, കേരള നിയമസഭ ചേരുന്നത് നരേന്ദ്ര മോദിക്കും സംഘപരിവാറിനും ഭീഷണിയും ഭയജനകവും സഹിക്കാവുന്നതിലപ്പുറവുമാണ്.

അതിനെ പക്വമായി നേരിടാനോ , നിയമപരമായി മറികടക്കാനോ സംഘപരിവാർ നയിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് പ്രാപ്തിയില്ല താനും .

അവിടെയാണ് തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഗവർണ്ണറെ എങ്ങിനെ എതിർ ശമ്പ്ദങ്ങളെ അടിച്ചമർത്താൻ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താം എന്ന പ്രായോഗിക പാഠം അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

അതിന് കീഴ്പ്പെടുമ്പോഴാണ് ഗവർണ്ണർ വെറും റബ്ബർ സ്റ്റാമ്പായി മാറുന്നത് ..

രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാൻ ഉതകുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരന്നപ്പോഴും
ആരിഫ് മുഹമ്മദ് ഖാൻ്റെ വെല്ലുവിളികളും മുറുമുറുപ്പുകളും നാം കേട്ടതാണ്.

ആരിഫ് മുഹമ്മദ് ഖാൻ തെറ്റിദ്ധരിച്ചതു പോലെ ഗവർണ്ണറെന്നത് സംസ്ഥാന ഭരണത്തിൻ്റെ പരമാധികാരിയൊന്നുമല്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 153 ലാണ് Governors of States നെക്കുറിച്ച് പറയുന്നത് .
അത് ഇപ്രകാരമാണ്. : There shall be Governor for each State .

തുടർന്നുള്ള ആർട്ടിക്കിളുകളിൽ ഗവർണ്ണറുടെ നിയമനത്തെക്കുറിച്ചും എക്സിക്യുട്ടീവ് അധികാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. എന്നാൽ ആർട്ടിക്കിൾ 163 ൽ വ്യക്തമായി പ്രതിപാദിക്കുന്നത് Council of Ministers to aid and advise Governor എന്നതാണ്.

അതിന്റെ ക്ലോസ് 1 ഇപ്രകാരമാണ്
There shall be a council of Ministers with the chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion

ഗവർണ്ണറുടെ വിവേചനാധികാരത്തിൽ പെട്ട സംഗതികളൊഴികെയുള്ള ഗവർണ്ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും , ആയതിനായി ഗവർണ്ണർക്ക് ഉപദേശങ്ങൾ നൽകാനും മുഖ്യമന്ത്രി തലവനായുളള ഒരു കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഉണ്ടായിരിക്കും .

അതായത് മന്ത്രിസഭാ തീരുമാനങ്ങൾക്കനുസരിച്ചു തന്നെയാണ് ഗവർണ്ണർ ഭരണഘടനാപരമായ അധികാരമുപയോഗിച്ച് ഭരണം നടത്തേണ്ടത് . ഗവർണ്ണറുടെ വിവേചനാധികാരം എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ പരമാധികാരം എന്ന പദമല്ല. ഗവർണ്ണർ സ്റ്റേറ്റിന്റെ പരമാധികാരിയേ അല്ല.

ആർട്ടിക്കിൾ 163 ൽ പറയുന്ന advise എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരും , തീരുമാനമെടുക്കുന്നത് പൂർണ്ണമായും ഗവർണ്ണറാണെന്നും ഗവർണ്ണറെ ഉപദേശിക്കാൻ മാത്രമേ മന്ത്രി സഭയ്ക്ക് അധികാരമുള്ളൂ എന്നു തെറ്റിദ്ധരിച്ചും അല്ലാതെയും ബോധപൂർവ്വമായും വാദിക്കുന്നവരുമുണ്ട്. അവർ ഭരണഘടനയുടെ ആർട്ടിക്കിൾ 164 വായിക്കേണ്ടതുണ്ട്

ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം മുഖ്യമന്ത്രിയെയും , മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാരെയും നിയമിക്കുന്നത് ഗവർണ്ണറാണ് എന്നു പറയുന്നു .

ആർട്ടിക്കിൾ 164. ക്ലോസ് 1 ഇപ്രകാരമാണ്.
The chief Minister shall be appointed by the Governor and the other Ministers shall be appointed by the Governor on the advice of the Chief Minister, and the Ministers shall hold office during the pleasure of the Governor:

ഇവിടെയും, മുഖ്യമന്ത്രിയുടെ advice പ്രകാരമാണ് മന്ത്രിമാരെ നിയമിക്കേണ്ടത് എന്ന് പറഞ്ഞതിൽ നിന്നും advice എന്നത് കേവലം ഒരു ഉപദേശമല്ലെന്നും, ജനാധിപത്യ വ്യവസ്ഥയിൽ അത് യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനവും, ആ തീരുമാനം നടപ്പാക്കാനുള്ള ഭരണഘടനാപരമായ നിർദ്ദേശവുമാണെന്നും അത് നടപ്പാക്കാനുള്ള കേവല ഉത്തരവാദിത്വം മാത്രമാണ് ഗവർണ്ണർക്കുള്ളതെന്നും വ്യക്തമാണല്ലോ .

കർഷകസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കേരള ജനതയുടെ ഹൃദയ വികാരങ്ങൾ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു LDF സര്‍ക്കാർ ഉദ്ദേശിച്ചിരുന്നത്.
ഇതിനായി ഡിസംബര്‍ 23 ന് ഒരു മണിക്കൂര്‍ നിയമസഭ സമ്മേളിക്കാനുള്ള അനുമതി നൽകാനായി മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയും ചെയ്തതാണ് .

എന്നാല്‍ ഈ ശുപാർശ ഗവര്‍ണര്‍ അംഗീകരിക്കുകയുണ്ടായില്ല.

നിയമസഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഇന്ത്യൻ ഭരണഘടനയുടെ Article 174 പ്രകാരം ഗവർണറിൽ നിക്ഷിപ്തമാണെങ്കിലും ഗവർണ്ണർ പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശാനുസരണമാണ്

ഭരണം നടത്തുന്ന മന്ത്രിസഭയിൽ നിയമസഭാംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുകയോ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടമാവുകയോ
തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഫലം വരുമ്പോൾ തൂക്കു നിയമസഭയാവുകയോ, സംസ്ഥാന സർക്കാറിന് നിയന്ത്രിക്കാനാവാത്ത വിധം സാരമായ ക്രമസമാധാന തകർച്ചയുണ്ടാകുകയോ ചെയ്യുമ്പോളും, ഭരണഘടന വിഭാവനം ചെയ്യുന്ന മറ്റ് സവിശേഷ സാഹചര്യങ്ങളിലോ ഗവർണ്ണർക്ക് വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ് .

അല്ലാത്ത ഒരു സാഹചര്യത്തിലും
ആർട്ടിക്കിൾ 163 ൽ വ്യക്തമായി പ്രതിപാദിക്കുന്ന Council of Ministers to aid and advise Governor എന്നതു മറന്നു കൊണ്ട് ഒരു ഗവർണ്ണറും മുന്നോട്ടു പോയിക്കൂടാ .

വിവേചനാധികാരം എന്ന പദത്തെ പരമാധികാരം എന്ന വിധത്തിൽ വ്യാഖ്യാനിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച് കേന്ദ്രം വാഴുന്ന പാർട്ടിയുടെ ഹിതത്തിനനുസരിച്ച് മുഖ്യമന്ത്രിമാരെ നിയമിച്ച പല ഗവർണ്ണർമാരെയും , കോടതി വിധികളിലൂടെ അത്തരം അധികാര ദുർവിനിയോഗത്തിനേറ്റ പല പ്രഹരങ്ങളെയും, ജനാധിപത്യ ഇന്ത്യ
പലതവണ കണ്ടിട്ടുള്ളതാണ്.

നിയമസഭയിൽ സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണ്ണർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാറിന്റെ മുഖമായാണ് പ്രത്യക്ഷപ്പെടുന്നത്. അല്ലാതെ കേന്ദ്ര സർക്കാറിന്റെ പ്രതിനിധിയായല്ല.

ഗവർണ്ണർ പ്രഖ്യാപിക്കുന്നത് സംസ്ഥാനമന്ത്രിസഭ തീരുമാനിച്ച സംസ്ഥാനസർക്കാറിന്റെ നയമാണ് .

അല്ലാതെ താനാണ് സർക്കാറിന്റെ പരമാധികാരിയായ തലവൻ എന്ന സ്വയംബോദ്ധ്യത്തിൽ തന്റെ സ്വന്തം നയങ്ങളല്ല .

ഈ ഒരൊറ്റക്കാര്യം മാത്രം മതി ഗവർണ്ണർ എന്ന പദവിയുടെ സാംഗത്യം മനസ്സിലാക്കാൻ

തന്നെ നിയമിച്ച രാഷ്ട്രീയ നേതൃത്വത്തോട് അന്ധമായി കൂറുപുലർത്തുന്ന വിശ്വസ്ഥനായ സ്വയം സേവകനായി മാറരുത് ഭരണഘടനാ പദവി അലങ്കരിക്കുന്ന ഹിസ് എക്സലൻസി ഗവർണ്ണർ ..

കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ നിന്നും , പല സംസ്ഥാന സർക്കാറുകളും നിയമസഭകളിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്ന കാലത്ത് ഒരു സംസ്ഥാനത്തെ നിയമസഭാ സമ്മേളനം ചേരണമെന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ആവശ്യപ്പെട്ടാൽ ഗവർണ്ണർ സ്വാഭാവികമായും അത് അംഗീകരിക്കുക തന്നെ വേണം ..

ഭരണഘടനയ്ക്കു കീഴ്പ്പെട്ടുകൊണ്ടുതന്നെ ആയിരിക്കണം സർക്കാറുകളും ഗവർണ്ണറും മറ്റേത് ഭരണാധികാരികളും പ്രവർത്തിക്കേണ്ടത്

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിൻ്റെ പ്രവർത്തനങ്ങളെ ഭരണഘടനാപരമായി സംരക്ഷിക്കുന്ന ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിൻ്റെയും കാവലാളാകണം ഗവർണ്ണർ..
അല്ലാതെ..
ജനാധിപത്യത്തിൻ്റെയും ഫെഡറലിസത്തിൻ്റെയും
കാലനായി മാറരുത് ഗവർണ്ണർ ..

ടി.കെ.സുരേഷ്

നിരവധി അധികാര രാഷ്ട്രീയ പദവികളുടെ പങ്കുപറ്റലുകൾക്കു ശേഷം തന്നെയാണ്
ശ്രീ: ആരിഫ് മുഹമ്മദ് ഖാൻ ഗവർണ്ണറുടെ സുഖലോലുപമായ…

Posted by TK Suresh on Friday, 25 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News