കണ്ണൂര്‍ യുഡിഎഫില്‍ ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെ; മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം യുഡിഎഫിന് നഷ്ടമായേക്കും

കണ്ണൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടഞ്ഞതോടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫ് ഭരണ സാധ്യതകൾ മങ്ങി.

ജോസഫ് വിഭാഗത്തിന്റെ പിന്തുണ നിർണായകമായ ഇരിക്കൂർ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകൾ അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടേക്കും.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ യു ഡി എഫിനെ പിന്തുണയ്ക്കില്ലെന്ന് പാർട്ടി ജില്ലാ ഭാരവാഹികൾ കൈരളി ന്യൂസിനോട് പറഞ്ഞു.

യു ഡി എഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ലീഗിന്റെ അപ്രമാദിത്വമാണെന്നും ആരോപിച്ചാണ് കണ്ണൂരിൽ കേരള കൊൺഗ്രസ്സ് ജോസഫ് മുന്നണി വിടാൻ ഒരുങ്ങുന്നത്.

ഇതോടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫിന്റെ ഭരണ സാധ്യതകൾ മങ്ങി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാനാണ് ഇരിട്ടിയിൽ ഞായറാഴ്ച ചേർന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചത്.

എൽഡിഎഫും യു ഡി എഫും സമനിലയിലായ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ കേരള കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നാൽ ഭരണം എൽ ഡി എഫിന് ലഭിക്കും.

യു ഡി എഫിന് ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷമുള്ള ഇരിട്ടി ബ്ലോക്കിലും അയ്യൻകുന്ന് പഞ്ചായത്തിലെ യു ഡി എഫിന് ഭരണം നഷ്ടപെടും.

ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യന്‍കുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നാണ് ആവശ്യം.എന്നാൽ യു ഡി എഫ് ഇത് അംഗീകരിച്ചിട്ടില്ല.

കണ്ണൂരിൽ 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് യു ഡി എഫ് നൽകിയത്.ഇതിൽ നാലു സീറ്റുകളിൽ കോൺഗ്രസ് വിമത സ്ഥാനാർഥികൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്തിരുന്നു.

ഇതും മുന്നണിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു.ജില്ലാ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അതിനെ പിന്തുണയ്ക്കുമെന്നാണ് പി ജെ ജോസഫിന്റെ നിലപാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here