രാജുവിന് നാട്ടുകാരുടെ ‘സ്നേഹ സംഭാവന’; അക്കൗണ്ടില്‍ 15 ലക്ഷം

കൊടിയ പീഡനത്തിനും പ്രലോഭനങ്ങ‍ള്‍ക്കും വ‍ഴിപ്പെടാതെ കുപ്രസിദ്ധമായ സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായ സാക്ഷിമൊ‍ഴി പറഞ്ഞ രാജുവിന് നാട്ടുകാരുടെ വക സ്നേഹ സമ്മാനം. ജനങ്ങളുടെ സംഭാവനയായി 15 ലക്ഷത്തോളം രൂപ രാജുവിന്‍റെ അക്കൗണ്ടിലേക്ക് എത്തിയതായി രാജുവിന്‍റെ മകള്‍ കൈരളി ന്യൂസിനോട് സ്ഥിരീകരിച്ചു.

ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയപ്പോ‍ഴാണ് അക്കൗണ്ടില്‍ കൂടുതല്‍ തുകയുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോ‍ഴാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ സംഭവ സ്ഥലത്ത് കണ്ടതായി രാജു മൊ‍ഴിനല്‍കിയത്.

മൊ‍ഴി മാറ്റിപ്പറയാന്‍ സഭാ അധികൃതര്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും. സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും മൊ‍ഴിയില്‍ രാജു ഉറച്ചുനിന്നു. ഇതിനിടയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ അഭയയുടെ കൊലക്കേസില്‍ രാജുവിനെ കൊലപാതകിയായി ചിത്രീകരിക്കാന്‍ സമ്മര്‍ദവും ക്രൂരമര്‍ദ്ദനവും ഉണ്ടായി.

അഭയയെ കൊന്നുവെന്ന് ഏറ്റാല്‍ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്ന രാജു ഇന്നും രണ്ടു സെന്റ് വീട്ടില്‍ ബുദ്ധിമുട്ടി കഴിയുന്നുവെന്ന വാര്‍ത്തക്കൊപ്പം മാധ്യമങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ഇപ്പോഴും രാജു പറയുന്നത്: “എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി “.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News