ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുകച്ചു പുറത്തുചാടിക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് ഉമ്മൻ‌ചാണ്ടി തുറന്നുപറയണം: എ കെ ബാലന്‍

എ കെ ആന്റണിക്ക് എണ്‍പതാം വയസ്സില്‍ പ്രതിച്ഛായ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന അവസരത്തില്‍ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചും ഉമ്മന്‍ചാണ്ടി തുറന്നുപറയുന്നത് നന്നായിരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍.

2004 ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവുംഎ കെ ആന്റണിയുടെ തലയില്‍ വെച്ചുകെട്ടിയിട്ടാണ് അദ്ദേഹത്തെ പുകച്ചുചാടിച്ചത്.

വേദന സഹിക്കാതെക്ലിഫ് ഹൗസില്‍ നിന്നിറങ്ങി അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുവെച്ച്, എനിക്കിതു മാത്രം മതിയെന്ന് പറഞ്ഞുകൊണ്ടിറങ്ങുന്ന ചിത്രം ഈ കേരളം കണ്ടതാണ്. മത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിനു വിധേയമായി ജീവിക്കണം, ആനുകൂല്യങ്ങള്‍ അമിതമായി പറ്റരുത് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിന്റെ ഭാഗമായി മുസ്ലിംലീഗിന് അടിമപ്പെട്ടവരാണ് ഇപ്പോള്‍ ആന്റണിയെ പ്രകീര്‍ത്തിച്ച് നാമസങ്കീര്‍ത്തനം നടത്തുന്നത്.

‘ആന്റണിയെന്നാല്‍ ആദര്‍ശം’ എന്നാണ് ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുന്നത്. അപ്പോള്‍ ആന്റണിയെ പിന്നില്‍ നിന്ന് കുത്തിയത് ആദര്‍ശത്തിനിട്ടുള്ള കുത്തായി തന്നെ പരിഗണിക്കാമോ? വഞ്ചനയും അധാര്‍മ്മികതയുമൊക്കെ കൈമുതലാക്കി നടന്നിട്ട് ഇത്തരം വ്യാജ വാഴ്ത്തുപാട്ടുകള്‍ പാടുമ്പോള്‍ അത് അപസ്വരങ്ങളാല്‍ അസഹനീയമാകുന്നുവെന്ന് മനസ്സിലാക്കണം. ജനങ്ങളെ വിഡ്ഢികളാക്കരുത്,

ആന്റണിയുടെ അനുഭവം തന്നെയാണ് കരുണാകരനും ഉണ്ടായത്. കൃത്രിമമായി ചമച്ചുണ്ടാക്കിയ ചാരക്കേസിന്റെ പേരില്‍ കരുണാകരനെ പുകച്ച്ചാടിച്ചവരാണിപ്പോള്‍ അദ്ദേഹത്തിന്റെ പത്താം ചരമവാര്‍ഷിക ദിനത്തിന്അനുശോചന കീര്‍ത്തനങ്ങള്‍ പാടുന്നത്.

പരസ്പരം പാരവെച്ചും ഗൂഢാലോചന നടത്തിയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ളവരെ ഗ്രൂപ്പു താല്‍പര്യങ്ങള്‍ക്കു വേണ്ടി ഏതു വഴിവിട്ട മാര്‍ഗവും സ്വീകരിച്ച് തകര്‍ക്കുമെന്ന് കേരള ജനത കണ്ടതാണ്. ഇപ്പോള്‍ അത് മുല്ലപ്പള്ളിക്കെതിരായി തിരിഞ്ഞിട്ടുണ്ട്.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മുല്ലപ്പള്ളിയെ നേരിട്ടറിയാം. ഞാന്‍ എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അദ്ദേഹം കെ എസ് യു നേതാവാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന കാലത്ത് സെനറ്റ് മെമ്പറെന്ന നിലയില്‍ ഞാന്‍ കൊണ്ടുവന്ന അഴിമതി ആരോപണം വലിയ ചര്‍ച്ചയായതാണ്.

മലബാറില്‍ കെ.എസ്.യു വിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ച കാരണങ്ങളിലൊന്നാണ് ഈ അഴിമതി ആരോപണം. ഇതിന്റെ പേരില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ വച്ച് എന്നെ മൃഗീയമായി ആക്രമിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുമുണ്ട്. അതിലൊന്നും എനിക്ക് ഇപ്പോള്‍ പരിഭവമില്ല.

കോണ്‍ഗ്രസിന്റെ ഏതെങ്കിലും ചേരിയില്‍ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട സമയത്ത്, പത്താള്‍ ഒപ്പമില്ലാത്ത സമയത്ത് കോഴിക്കോട് സ്വീകരണം കൊടുക്കുന്നതിന് മുല്ലപ്പള്ളിയാണ് മുന്നില്‍ നിന്നത് എന്ന കാര്യം ഇപ്പോഴും ഓര്‍ക്കുകയാണ്.

അടിയന്തിരാവസ്ഥ കഴിഞ്ഞ സമയമാണത്. ഒരു ഓപ്പണ്‍ ജീപ്പില്‍ കരുണാകരനെ കയറ്റി വരവേറ്റു. അന്നു മുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ മുല്ലപ്പള്ളി ശ്രമിച്ചു എന്ന് ആരും പരാതി പറയില്ല.

കോണ്‍ഗ്രസ്സിലെ എ, ഐ വിഭാഗങ്ങള്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും എല്‍ ഡി എഫിന്റെ ഒപ്പം നിന്ന് മുല്ലപ്പള്ളി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസ്സിനും യു ഡി എഫിനുമൊപ്പമായിരുന്നു ഇത്രയും കാലം.

മുല്ലപ്പള്ളിയുമായി നിരവധി പ്രശ്‌നങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇപ്പോള്‍ ജമാ അത്തെയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം എടുത്ത നിലപാട് കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് അനുകൂലമാണ്.

ഒരു നല്ല നിലപാടെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ഇപ്പോള്‍ പുകച്ചുചാടിക്കാന്‍ കോണ്‍ഗ്രസ്സിലെ ചിലര്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് അനുകൂലമായി പറഞ്ഞതുകൊണ്ട് പഴയ അതേ ശക്തികള്‍ തന്നെ അദ്ദേഹത്തെ കെ.പി.സി. സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ ഇടപെടല്‍ നടത്തുകയാണ്.

കോവിഡ് – 19 കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വയനാട്ടില്‍ വച്ച് പ്രശംസിച്ച രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായി. ഇവിടത്തെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതാണ് കോണ്‍ഗ്രസ്. അതു കൊണ്ട് ദയവു ചെയ്ത് ഇനി വല്ലാത്ത വിശേഷണ പദങ്ങള്‍ ചേര്‍ത്ത് ഹരിച്ഛന്ദ്രന്റെ വേഷം ആര്‍ക്കും കൊടുക്കരുതേ.

തന്നെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് 15 വര്‍ഷത്തിനു ശേഷമാണ് എ.കെ. ആന്റണി പറഞ്ഞത്. 15 കൊല്ലം ആന്റണി ആ രഹസ്യം സൂക്ഷിച്ചു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തോട് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് പരമ പുച്ഛമാണ്.

അതിന്റെ ഭാഗമായാണ് പട്ടാമ്പി നഗരസഭയില്‍ ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ ഡി എഫിനൊപ്പം വരികയും ആദ്യമായി പട്ടാമ്പി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണം പിടിക്കുകയും ചെയ്തത്. ഇതൊക്കെ ഓര്‍ക്കുന്നത് നന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News