പാലക്കാട് നഗരസഭയിലെ അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന കൗൺസിലർമാരുടെ ജാതി പരാമർശിച്ച് ബിജെപി കൗൺസിലർ

പാലക്കാട് നഗരസഭയിലെ അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജെപി കൗൺസിലർമാരുടെ ജാതി പരാമർശിച്ച് ആശംസയുമായി ബിജെപി കൗൺസിലർ. ചെയർപേഴ്സൺ സ്ഥാനാർത്ഥിയുടെയും വൈസ് ചെയർമാൻ സ്ഥാനാർത്ഥിയുടെയും പേരിനൊപ്പം ജാതി പരാമർശിച്ച് കൗൺസിലർ മിനി കൃഷ്ണകുമാറാണ് ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.

വൈസ് ചെയർമാൻ സ്ഥാനാർത്ഥി ഇ കൃഷ്ണദാസിൻ്റെ പേരിനൊപ്പം നായർ സമുദായമെന്നും ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ പ്രിയയുടെ പേരിനൊപ്പം മൂത്താൻ സമുദായമെന്നും ചേർത്താണ് കൗൺസിലർ മിനികൃഷ്ണകുമാർ ഫേസ് ബുക്കിൽ ആശംസാ പോസ്റ്റിട്ടത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, നഗരസഭ മുൻ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാറിൻ്റെ ഭാര്യയാണ് മിനി കൃഷ്ണകുമാർ.

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ആദ്യം എഡിറ്റ് ചെയ്ത് ജാതി പരാമർശം ഒഴിവാക്കി. അവസാനം പോസ്റ്റ് പിൻവലിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഉയർന്നു വന്ന നാല് പേരുകളിൽ ഒരാളാണ് മിനി കൃഷ്ണകുമാർ. മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീളാ ശശിധരനെ മാറ്റി മിനി കൃഷ്ണകുമാറിനെ കൊണ്ടുവരാനുള്ള നീക്കം എതിർവിഭാഗം പ്രിയയെ രംഗത്തിറക്കി തകർക്കുകയായിരുന്നു.

ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് മിനി കൃഷ്ണകുമാറിൻ്റെ ജാതിപരാമർശിച്ച് കൊണ്ടുള്ള പോസ്റ്റ്. നഗരസഭയിൽ വോട്ടെണ്ണൽ ദിവസം ബിജെപി പ്രവർത്തകർ ജയശ്രീറാം ബാനർ തൂക്കിയത് വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News