പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനിടെ നാടകീയ സംഭവങ്ങള്‍; വോട്ട് ചെയ്ത ശേഷം ബാലറ്റ് തിരിച്ചു വാങ്ങി നശിപ്പിച്ച് ബിജെപി കൗണ്‍സിലര്‍

പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വോട്ട് ചെയ്ത ശേഷം ബിജെപി കൗണ്‍സിലര്‍ നടേശന്‍ ബാലറ്റ് തിരിച്ചു വാങ്ങി നശിപ്പിച്ചത് സംഘര്‍ത്തിനിടയാക്കി. വോട്ട് മാറി ചെയ്തതിനെ തുടര്‍ന്ന് ബാലറ്റ് തിരിച്ചു വാങ്ങിയതോടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ബഹളമുയര്‍ത്തി. ഏറെ നേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. അതേ സമയം ജാതി പരാമര്‍ശവുമായി ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായി.

നഗരസഭയില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നാമതായി വോട്ട് ചെയ്യാന്‍ മൂന്നാം വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ നടേശന്‍ എത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്. ഓപ്പണ്‍ വോട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നടേശന്‍ ബാലറ്റുയര്‍ത്തി കാട്ടി വരണാധികാരിക്ക് കൈമാറിയ ശേഷം മടങ്ങി.

വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കല്ല രേഖപ്പെടുത്തിയതെന്ന് കൗണ്‍സിലര്‍ പ്രമീളാ ശശിധരന്‍ ചൂണ്ടിക്കാണിച്ചതോടെ തിരിച്ചെത്തി ബാലറ്റ് തിരികെ വാങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

ബാലറ്റ് പേപ്പര്‍ മടക്കി നല്‍കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഏറെ നേരം തടസ്സപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെ സാഹചര്യം അറിയിച്ച ശേഷം തിരികെ നല്‍കാത്ത ബാലറ്റ് അസാധുവായി പ്രഖ്യാപിച്ച് വരണാധികാരി തിരഞ്ഞെടുപ്പ് പുനരാരംഭിച്ചു.

വോട്ടെടുപ്പില്‍ എന്‍ഡിഎ27 വോട്ടും യുഡിഎഫ് 16 വോട്ടും എല്‍ഡിഎഫ് 7 വോട്ടും നേടിയതോടെ ബിജെപിയിലെ കെ പ്രിയ ചെയര്‍പേ‍ഴ്സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ക‍ഴിഞ്ഞതിന് പിന്നാലെ കാണാതായ ബാലറ്റ് നശിപ്പിച്ച നിലയില്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് കണ്ടെടുത്തു.

അതേ സമയം ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ചെയര്‍പേ‍ഴ്സണ്‍-വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ ജാതി പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി കൃഷ്ണകുമാറിന്‍റെ ഭാര്യയാണ് മിനി കൃഷ്ണകുമാര്‍. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ആദ്യം എഡിറ്റ് ചെയ്ത് ജാതി പരാമർശം ഒഴിവാക്കി. അവസാനം പോസ്റ്റ് പിൻവലിച്ചു.

ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഉയർന്നു വന്ന നാല് പേരുകളിൽ ഒരാളാണ് മിനി കൃഷ്ണകുമാർ. മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീളാ ശശിധരനെ മാറ്റി മിനി കൃഷ്ണകുമാറിനെ കൊണ്ടുവരാനുള്ള നീക്കം എതിർവിഭാഗം കെ.പ്രിയയെ രംഗത്തിറക്കി തകർക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നുള്ള അതൃപ്തിയും ബിജെപിക്കകത്തെ ഗ്രൂപ്പ് പോരുമാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റിടാന്‍ കാരണമെന്നാണ് സൂചന. നഗരസഭയിൽ വോട്ടെണ്ണൽ ദിവസം ബി ജെ പി പ്രവർത്തകർ ജയശ്രീറാം ബാനർ തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് നാല് േപേരെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News