കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്ക് വിലക്ക്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ അഭിപ്രായം പറയേണ്ടെന്ന് താരിഖ് അന്‍വര്‍

കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.

നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും നേതാക്കള്‍ അച്ചടക്കം പാലിക്കണമെന്നും കേരളത്തിന്‍റെ ചുമതലയുള്ള താരീഖ് അന്‍വര്‍ പറഞ്ഞു.

ഡിസിസികള്‍ക്കെതിരെ പല പരാതികളും ലഭിച്ചിട്ടുണ്ടെന്നും ഡിസിസികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ ബൂത്ത് മുതല്‍ ഡിസിസി വരെ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

‘വരുന്ന ദിവസങ്ങളില്‍ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രയോഗികതയില്‍ വരുത്തും. തിരുത്തലുകള്‍ വേണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്. അത് ഉണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നും വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് സംഭവിച്ചത്’- താരിഖ് അന്‍വര്‍ പറഞ്ഞു.

നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് സമര്‍പ്പിക്കുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ഇന്ന് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസം ഒരുമിച്ചുള്ള കൂടിക്കാഴ്ച ഒഴിവാക്കി സംസ്ഥാന നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്കാണ് താരിഖ് അന്‍വര്‍ കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ പോരായ്മയാണെന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്.
മുതിര്‍ന്ന നേതാക്കളുമായും കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, വൈസ്പ്രസിഡന്റുമാര്‍ എന്നിവരുമായും താരീഖ് കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News