എല്ലാ വിഭാഗത്തിലെയും ദരിദ്രർക്കൊപ്പമാണ്‌ സർക്കാർ; നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനാണ്‌ സംവരണം നടപ്പാക്കിയത്: മുഖ്യമന്ത്രി

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സംവരണം നടപ്പാക്കിയതിന്റെ പേരിൽ നിലവിൽ സംവരണം ലഭിക്കുന്ന പിന്നോക്ക–ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ ഒരു കോട്ടവും സംഭവിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരാണ്‌ ഗ്യാര​ന്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത്‌ കേരള പര്യടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണേതര വിഭാഗത്തിലെ പരമദരിദ്രർക്ക്‌ താങ്ങാകണം എന്നത്‌ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്‌. ദശാബ്ദങ്ങൾക്കുമുമ്പേ പറഞ്ഞ കാര്യമാണിത്‌. അതിൽനിന്ന്‌ പിന്നോട്ടില്ല. എല്ലാ വിഭാഗത്തിലെയും ദരിദ്രർക്കൊപ്പമാണ്‌ സർക്കാർ- മുഖ്യമന്ത്രി പറഞ്ഞു.

സംവരണമേ വേണ്ട എന്ന നിലപാട്‌ രാജ്യത്ത്‌ ഒരു വിഭാഗത്തിനുള്ളതെന്നും അത്‌ അംഗീകരിക്കാനാവില്ലെന്നും സമൂഹത്തിൽ നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനാണ്‌ സംവരണം നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു‌.

പിന്നോക്ക വിഭാഗങ്ങൾക്ക്‌ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമായിരുന്നു. ആ സാമൂഹ്യാവസ്ഥ പരിഗണിച്ചാണ്‌ സംവരണം നടപ്പാക്കിയത്‌. പിന്നോക്കക്കാരിൽ സമ്പന്നരുണ്ടെന്നും അവരെ ഒഴിവാക്കാനാണ്‌ ക്രീമിലെയർ ഏർപ്പെടുത്തിയതെന്നും സംവരണം ആവശ്യമില്ലെന്ന നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News