ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം കാണിക്കാൻ റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമി തനിക്ക് കൈക്കൂലി നൽകിയതായി ബ്രോഡ്കാസ്റ്റ് റിസർച്ച് ഓഡിയൻസ് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർത്ത് ദാസ് ഗുപ്ത മുംബൈ പോലീസിനോട് പറഞ്ഞു.
ഡിസംബർ 24 നാണ് ഗോവയിൽ നിന്ന് പൂനെയിലേക്ക് പോകുന്ന വഴിയിൽ 55 കാരനായ ദാസ് ഗുപ്തയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
റിപ്പബ്ലിക് ടി വിയുടെ റേറ്റിംഗ് കൂട്ടുവാനായി ടി ആർ പിയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിച്ചതിനാണ് അർണാബ് ഗോസ്വാമി ബാർക്ക് മേധാവിയെ സന്തോഷിപ്പിച്ചിരുന്നത്. വിലകൂടിയ റിസ്റ്റ് വാച്ച് അടക്കമുള്ള പാരിതോഷികങ്ങളും ലക്ഷക്കണക്കിന് രൂപയും കൈക്കൂലിയായി നൽകിയിരുന്നുവെന്ന് ബാർക് മുൻ മേധാവി പോലീസിനോട് സമ്മതിച്ചു.
പാർത്ത് ദാസ് ഗുപ്തയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോഗ്രാം വെള്ളിയും മുംബൈ പോലീസ് കണ്ടെടുത്തു. 2013 മുതൽ 2019 വരെയുള്ള കാലയളവിൽ ബാർക്ക് സിഇഒ ആയിരുന്ന ദാസ് ഗുപ്ത തന്റെ ഇംഗ്ലീഷ് ടിവി ചാനലായ റിപ്പബ്ലിക് ടിവിയെയും ഹിന്ദി റിപ്പബ്ലിക് ഭാരതിനെയും കൃത്രിമമായി ഉയർത്തി കാണിക്കുന്നതിനായാണ് അർണാബ് ഗോസ്വാമി പണം നൽകിയത്. ഈ പണം ഉപയോഗിച്ചാണ് പിടിച്ചെടുത്ത വെള്ളി വാങ്ങിയതെന്നും മുംബൈ പോലീസിനോട് കുറ്റസമ്മതം നടത്തി.
ടിആർപി അളക്കുന്നതിനായി ബാരോമീറ്റർ സ്ഥാപിച്ച വീടുകളുടെ രഹസ്യ വിവരങ്ങൾ ദാസ് ഗുപ്ത അർണാബ് ഗോസ്വാമിക്ക് പങ്കു വെച്ചിരുന്നു. ഈ ഡാറ്റ ഉപയോഗിച്ചാണ് അർണാബ് ഗോസ്വാമി ഉപയോക്താവിന് കൈക്കൂലി കൊടുത്ത് തന്റെ ചാനലുകൾ നിർബന്ധമായും കാണുവാൻ പ്രോത്സാഹിപ്പിച്ചിരുന്നത്. അത് കൊണ്ട് തന്നെ ആളില്ലാതെ അടച്ചു കിടന്നിരുന്ന വീടുകളിലും റിപ്പബ്ലിക് ടി വി പ്രവർത്തിപ്പിച്ചാണ് ടി ആർ പി നിലനിർത്താൻ ഗുണഭോക്താക്കൾ സഹായിച്ചിരുന്നത്. ടിആർപി അഴിമതിക്കേസിൽ ഉൾപ്പെട്ട ആളുകളുടെ നിർദേശപ്രകാരമാണ് ഇവർ ഇങ്ങിനെ ചെയ്തതെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ടിആർപി അഴിമതിക്കേസിൽ ദാസ് ഗുപ്ത ഉൾപ്പെടെ 15 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here