രാഷ്ട്രീയ കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ക്ക് അധികാരം ലഭിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവാറില്ല; പ്രായമല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള സമഗ്രതയാണ് പ്രധാനം: മുരളി തുമ്മാരുകുടി

കേരളത്തിലെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷ പദവിയേറ്റെടുത്ത ചെറുപ്പക്കാരായ ജനപ്രതിനിധികള്‍ക്ക് അഭിനന്ദനവുമായി മുരളി തുമ്മാരുകുടി.

21 വയസുള്ളവര്‍ ഭരണമേല്‍ക്കുമ്പോള്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ ചെറുപ്പക്കാരെ ഭരണസാരധ്യമേല്‍പ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനത്തെയും മുരളി തുമ്മാരുകുടി അഭിന്ദിക്കുന്നു.

പ്രായം മാത്രം മാനദണ്ഡമാക്കി ഈ തീരുമാനത്തെ വിമര്‍ശുക്കുന്നവര്‍ക്കുള്ള മറുപടിയും ദുരന്തനിവാരണ വിദഗ്ദനായ മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

ഇരുപത്തി ഒന്ന് വയസ്സുള്ളവർ ഭരണമേൽക്കുമ്പോൾ
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടമായ മേയർ മുതൽ പഞ്ചായത്ത് പ്രസിഡന്റുമാർ വരെയുള്ളവരുടെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നല്ലോ. ജനാധിപത്യ സംവിധാനത്തിലെ ഉത്സവം ആണ് തിരഞ്ഞെടുപ്പുകൾ, അതുകൊണ്ട് തന്നെ അല്പം പൊട്ടലും ചീറലും ഒക്കെ കാണുമ്പോൾ ഉത്സവത്തിന്റെ ഭാഗമായ വെടിക്കെട്ടാണെന്ന് കരുതിയാൽ മതി !.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനം ഏറ്റെടുക്കുന്ന, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകുന്ന, രേഷ്മ മേരി റോയ്, തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആകുന്ന ആര്യ രാജേന്ദ്രൻ ഇവരൊക്കെ ഉൾപ്പടെ നൂറു കണക്കിന് മറ്റു സ്ത്രീകളും യുവജനങ്ങളും ആണ് നേതൃസ്ഥാനങ്ങളിൽ എത്തുന്നത്. പുതിയ ആശയങ്ങളും സ്വപ്നങ്ങളും ആയി ആയിരത്തോളം ആളുകൾ ആണ് പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സംവിധാനങ്ങളിൽ ഭരണ രംഗത്തേക്ക് വരുന്നത്. എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ
.
യുവാക്കൾക്കും സ്ത്രീകൾക്കും ഒക്കെ അധികാരത്തിൽ കൂടുതൽ അവസരം നൽകണമെന്ന് സ്ഥിരം വാദിക്കുന്ന ഒരാൾ എന്ന നിലയിൽ യുവാക്കളായ സ്ത്രീകൾ അധികാരത്തിൽ എത്തുന്നത് എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നുണ്ട്.
തീരെ പ്രായം കുറഞ്ഞവർക്കും ഭരണ പരിചയം ഇല്ലാത്തവർക്കും ഒക്കെ അധികാര സ്ഥാനങ്ങൾ നൽകുന്നത് ശരിയാണോ എന്നൊരു ചോദ്യമുണ്ട്. ന്യായമായ ചോദ്യമാണ്.
ജനാധിപത്യ സംവിധാനത്തിൽ ആരെയാണ് ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ നിയമിക്കേണ്ടത് എന്നതിന് എൻ്റെ ഉത്തരം എപ്പോഴും ഒന്നാണ്
“For leadership you should only select people with integrity, expertise you can always hire”
സ്വഭാവഗുണം ആണ് ഏറ്റവും പ്രധാനം. ഓരോ വിഷയങ്ങളിലും ഉള്ള സൂഷ്മമായ അറിവല്ല. അതിന് ആളുകൾ ധാരാളം ഉണ്ട്.
നല്ല ഡോക്ടറെ ആരോഗ്യ മന്ത്രിയാക്കണമെന്നും നല്ല സ്പോർട്സ് താരത്തെ കായിക മന്ത്രി ആക്കണം എന്നുമൊക്കെ ആളുകൾ പറയുമ്പോൾ ഞാൻ ഇത് തന്നെയാണ് പറയാറുള്ളത്.
നമ്മുടെ നേതാക്കൾക്ക് ചിലർക്ക് വിദ്യാഭ്യാസം ഇല്ല, മിനിമം ഡിഗ്രി എങ്കിലും വേണം എം എൽ എ ആകാൻ എന്ന് പറയുന്നവരോടും പറയുന്നത് ഇത് തന്നെയാണ്.
Integrity ആണ് പ്രധാനം (ഇതിന് കൃത്യമായ മലയാളം ഇല്ല). ആരോഗ്യ രംഗത്തെ അറിവൊക്കെ ഉള്ളവർ എത്ര വേണമെങ്കിലും ചുറ്റുമുണ്ട്. അവരോട് ചോദിച്ചു മനസ്സിലാക്കാൻ ഉള്ള അറിവ് ഉണ്ടായാൽ മതി. വിദ്യാഭ്യാസം കൊണ്ട് സ്വഭാവഗുണം ഉണ്ടാവില്ല.
ഇപ്പോൾ നേതൃത്വത്തിലേക്ക് എത്തിയിട്ടുള്ള ചെറുപ്പക്കാർക്ക് ഇതുണ്ടോ ?, അറിയില്ല, അത് കാലം തെളിയിക്കും. പക്ഷെ പ്രായം ആയത്കൊണ്ട് മാത്രം സ്വഭാവഗുണം ഉണ്ടാവില്ല, അതുകൊണ്ട് പ്രായം അല്ല വിഷയം.
ഒരു കാര്യം കൂടി പറയാം. ഇന്ത്യയിൽ സാധാരണ ഗതിയിൽ ചെറുപ്പക്കാർക്ക് അധികാര സ്ഥാനങ്ങൾ കിട്ടുന്നുണ്ടെങ്കിൽ അവർ രാഷ്ട്രീയ കുടുംബങ്ങളിലെ അംഗമായിരിക്കും. അപ്പോഴൊന്നും ആരും ഇത്തരം ചോദ്യങ്ങൾ ചോദിക്കാറില്ല. പക്ഷെ അങ്ങനെയല്ലാതെ കുറച്ചു ചെറുപ്പക്കാർക്ക് തിരഞ്ഞെടുപ്പിന് സീറ്റ് കിട്ടുന്നതും അധികാര സ്ഥാനങ്ങൾ കിട്ടുന്നതും ഒക്കെ സൂചിപ്പിക്കുന്നത് അവരുടെ ഭാവി സാദ്ധ്യതകൾ മാത്രമല്ല, അവരെ പ്രമോട്ട് ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാവി കൂടിയാണ്.
മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here