രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി താരം

രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി സൂപ്പര്‍ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.

‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ദിവസങ്ങള്‍ക്കുശേഷം താരം ഡിസ്ചാര്‍ജ് ആയെങ്കിലും പൂര്‍ണമായ വിശ്രമമായിരുന്നു ഡോക്ടര്‍ രജനീകാന്തിന് നല്‍കിയിരുന്നത്.

തന്റെ ആരോഗ്യനില, ദൈവത്തില്‍ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നുവെന്നും രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും രജനി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

താരത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ആത്മീയരാഷ്ട്രീയം എന്നതായിരുന്നു രജനിയുടെ ബ്രാന്‍ഡ്. സുതാര്യതയിലൂന്നിയ രാഷ്ട്രീയം എന്നതാണ് ഇതിനര്‍ത്ഥം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here