വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യു; അഭിമന്യു സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനേകലക്ഷം കുടുംബങ്ങളുടെ മകനും സഹോദരനുമായി അഭിമന്യു മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ശക്തികള്‍ അത് മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കൊലയിലൂടെ ക്ഷീണിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശമെങ്കില്‍ ,അതിന് പകരം കൂടുതല്‍ കരുത്തോടെ വര്‍ഗീയതയ്ക്കെതിരെ പോരാടും എന്ന പ്രതിജ്ഞയാണ് അഭിമന്യുവിന്റെ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും പ്രായഭേധമന്യെ എടുത്തിട്ടുള്ളത് എന്ന് നാം പ്രത്യേകം കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അഭിമന്യു സ്മാരക മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത എസ്ഡിപിഐ ആയാലും ആര്‍എസ്എസ് ആയാലും അവര്‍ക്ക് നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാക്കലാണ് ഉദ്ദേശം. തമ്മിലടിപ്പിക്കുകയും വര്‍ഗീയ സങ്കര്‍ഷം വളര്‍ത്തുക എന്നതുമാണ് അവരുടെ ലക്ഷ്യം. ഉന്നതമായ മാനവീക ബോധം അവരെ അലട്ടുന്നില്ല.

എസ്എഫ്ഐ വിദ്യാര്‍ഥികള്‍ സോഷ്യലിസ്റ്റ് മുദ്രാവാക്യമുയര്‍ത്തുമ്പോള്‍ അതൊന്നും അവര്‍ക്ക് പ്രധാനമല്ല. അവര്‍ക്ക് മറ്റൊരു ലോകമാണ്. അത് സങ്കുചിതമാണ്. അതിനകത്ത് മറ്റുള്ളവര്‍ക്ക് സ്ഥാനമില്ല.

വര്‍ഗീയതയെ മതനിരപേക്ഷമായി മാത്രമെ നേരിടാനാകു. ഭൂരിപക്ഷ വര്‍ഗീയതയുടെ വെല്ലുവിളിയെ ന്യൂനപക്ഷം സംഘടിച്ച് നേരിടുക എന്നത് മൗഢ്യമാണ്. മറിച്ച് മതനിരപേക്ഷ ജനാധിപത്യ ശക്തികളുമായി ചേര്‍ന്നേ നേരിടാനാകു.

എന്നാല്‍, അത് പറയുമ്പോള്‍ ഇന്ന് രാജ്യത്ത് വര്‍ഗീയതയെ ഏത് കൂട്ടരാണ് ശരിയായി നേരിടുന്നത് എന്ന് നാം അനുഭവത്തില്‍ കണ്ടുകൊണ്ടിരിക്കുകാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഏറെക്കുറെ ശരിയായ നിലപാട് സ്വീകരിച്ചു. ജമാ അത്തെ അസ്ലാമിയുമായി ബന്ധം പാടില്ല എന്നായിരുന്നു ആ തീരുമാനം.

എന്നാല്‍ കേരളത്തില്‍ ജമാ അത്തെ നേതാക്കളുമായാണ് കോണ്‍ഗ്രസിന്റെ പുതിയ കണ്‍വീനറുടെ ചര്‍ച്ച നടന്നത്. തുടര്‍ന്ന് ദുര്‍ബലമായ ശബ്ദത്തിലാണെങ്കിലും ആ സഖ്യത്തിനെതിരെ കെപിസിസി പ്രസിഡന്റ് ശബ്ദിച്ചു.

പക്ഷെ ഉറച്ചുനിന്നില്ല. പിന്നീട് യോജിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ആ കൂട്ടുകെട്ടുണ്ടാക്കിയത് വേണ്ടിയിരുന്നില്ലെന്ന് തര്‍ക്കമുണ്ടായി. ജനം കാര്യങ്ങള്‍ ശരിയായി മനസിലാക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഈ അജണ്ടയ്ക്ക് ആദ്യം തുടക്കം കുറിച്ചത് ലീഗായിരുന്നു. ലീഗിനെ വിമര്‍ശിച്ചത് വര്‍ഗീയ വികാരം കൊണ്ടാണെന്നാണ് വിമര്‍ശനം. വര്‍ഗീയതയ്ക്കെതിരെ സിപിഐ എം സ്വീകരിക്കുന്ന നിലപാടെന്താണെന്ന് ഈ നാടിന് നല്ലത് പോലെ അറിയാം.

അത് ഒരു ദിവസത്തെ പൊയ്വെടികൊണ്ട് ഇല്ലാതാക്കാനാകില്ല. രാജ്യത്ത് അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തിനെതിരെ ഉണ്ടായപ്പോള്‍ നാല് മന്ത്രിസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ കാല് പിടിച്ച് കിടന്നവരാണ് ലീഗിന്റെ നേതാക്കള്‍ എന്ന് നാട് മറന്നിട്ടില്ല.

ഇതെല്ലാം നാടിന്റെ ചരിത്രമാണ്. ഏതേലും വര്‍ഗീയ പ്രശ്നം വരുമ്പോള്‍ വോട്ടും സീറ്റും എന്നതല്ല സിപിഐ എം സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗീയതയോട് സമരസപ്പെടുന്നു.

മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തലാണത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നാം അത് കണ്ടതാണ്. അത് സ്വീകരിക്കാന്‍ പാടില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. എസ്ഡിപിഐ ഈ നാട്ടില്‍ തീര്‍ത്തും ഒറ്റപ്പെടണം.

അതിന് അഭിമന്യുവിനെ പോലുള്ളവരുടെ രക്തസാക്ഷിത്വം നമുക്ക് കൂടുതല്‍ ആവേശം പകരും. അഭിമന്യുവിന്റെ സ്മരണ മുന്‍നിര്‍ത്തി ആ പോരാട്ടം കൂടുതല്‍ ശക്തമായി നമുക്കിനിയും തുടരാനാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here