തീരുമാനത്തില്‍ നിരാശയുണ്ട്; രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്ന് കമല്‍ ഹാസന്‍

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും ആരാധകരെപ്പോലെ തനിക്കും ഇക്കാര്യത്തില്‍ വിഷമമുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്‌നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം രജനികാന്ത് ട്വിറ്ററില്‍ ചോദിച്ചിരുന്നു.

പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ദിവസങ്ങള്‍ക്കുശേഷം താരം ഡിസ്ചാര്‍ജ് ആയെങ്കിലും പൂര്‍ണമായ വിശ്രമമായിരുന്നു ഡോക്ടര്‍ രജനീകാന്തിന് നല്‍കിയിരുന്നത്.

തന്റെ ആരോഗ്യനില, ദൈവത്തില്‍ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നുവെന്നും രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും രജനി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

താരത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ആത്മീയരാഷ്ട്രീയം എന്നതായിരുന്നു രജനിയുടെ ബ്രാന്‍ഡ്. സുതാര്യതയിലൂന്നിയ രാഷ്ട്രീയം എന്നതാണ് ഇതിനര്‍ത്ഥം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel