പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്കു കത്തെഴുതി

അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ, രാജ്യത്ത് പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കു കത്തെഴുതി.

സാഹചര്യങ്ങൾ വിലയിരുത്തി ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നടപടികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അന്തിമതീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാം എന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൊറോണ വ്യാപനം ചെറുക്കുന്നതിന് അതത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനങ്ങൾക്ക് അകത്തുള്ള യാത്രകള്‍ക്കും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ലെന്നും നിര്‍ദേശമുണ്ട്.

അതേസമയം ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാ നിരോധനം ദീർഘിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവിൽ വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന
താൽക്കാലിക യാത്രാ നിരോധനം 2021 ജനുവരി 7 (വ്യാഴം) വരെ ദീർഘിപ്പിക്കാനാണ് ശുപാർശ നൽകിയത്.

ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള, സംയുക്ത അവലോകന സംഘത്തിന്റെയും ഐസിഎംആർ ഡയറക്ടർ ജനറലും നീതി ആയോഗ് (ആരോഗ്യം) അംഗവും സംയുക്ത നേതൃത്വം വഹിക്കുന്ന ദേശീയ കർമ സമിതിയുടെയും നിർദേശത്തെത്തുടർന്നാണ് ഈ ശുപാർശ.

കർശനമായ നിയന്ത്രണങ്ങളോടെ ജനുവരി 7നുശേഷം ഏതാനും വിമാനങ്ങൾ യുകെയിൽനിന്നും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാർശയിൽ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സിവിൽ വ്യോമയാന വകുപ്പും ചേർന്നായിരിക്കും ഇക്കാര്യത്തില്‍ തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News