ഇന്റലിജൻസ് ബ്യൂറോയിൽ ആയിരക്കണക്കിന് ഒഴിവുകൾ; ബിരുദദാരികള്‍ക്ക് അവസരം

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്‌സിക്യുട്ടീവ് തസ്തികയില്‍ 2000 ഒഴിവുകൾ. ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോ​ഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ ഏഴ് കേന്ദ്രങ്ങളുണ്ട്.

18-27 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും വയസ്സിളവുണ്ട്. വിധവകള്‍, വിവാഹമോചനം നേടിയവരും പുനര്‍വിവാഹിതരാകാത്തതുമായ സ്ത്രീകള്‍ എന്നിവര്‍ക്ക് 35 വയസ്സുവരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷയാണ്. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക. ആകെ 100 മാര്‍ക്ക്. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കല്‍/അനലറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ, ജനറല്‍ സ്റ്റഡീസ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി സിലബസിനെ തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തില്‍ നിന്നും 20 ചോദ്യങ്ങള്‍ വീതമാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും.

രണ്ടാംഘട്ട പരീക്ഷ വിവരണാത്മകമായിരിക്കും. ആകെ 50 മാര്‍ക്ക്. പരീക്ഷാസമയം ഒരു മണിക്കൂര്‍. 30 മാര്‍ക്കിന്റെ എസ്സേയും 20 മാര്‍ക്കിന്റെ ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ആന്‍ഡ് പ്രിസൈസ് റൈറ്റിങ്ങുമാണുണ്ടാകുക. ഏറ്റവും കുറഞ്ഞത് 17 മാര്‍ക്കെങ്കിലും ഇതില്‍ നേടിയവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കൂ. അപേക്ഷ ഓണ്‍ലൈനായാണ് നല്‍കേണ്ടത്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കാനുള്ള ലിങ്കും www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്.

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളാണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ളത്. അപേക്ഷയില്‍ അനുയോജ്യമായ മൂന്ന് കേന്ദ്രങ്ങള്‍ സൂചിപ്പിക്കാം. പരീക്ഷാഫീസ് 100 രൂപ. (ബാങ്ക് ചാര്‍ജുകള്‍ ബാധകം). വനിതകള്‍, എസ്.സി, എസ്.ടി. വിഭാഗക്കാര്‍ എന്നിവര്‍ പരീക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല. പക്ഷേ, റിക്രൂട്ട്മെന്റ് പ്രോസസിങ് ചാര്‍ജ് ഇവര്‍ക്കും ബാധകമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here