എസ്എഫ്ഐയുടെ അമ്പതാം വാര്‍ഷികത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പി ബിജുവിനെ ഓര്‍ത്ത് കെഎസ് സുനില്‍ കുമാര്‍; കുറിപ്പ് പങ്കുവച്ച് വികെ പ്രശാന്ത് എംഎല്‍എ

എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവജന കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പി ബിജു അപ്രതീക്ഷിതമായാണ് മരണത്തിന് കീ‍ഴടങ്ങിയത്. നവംബര്‍ നാലിന് കൊവിഡ് രോഗമുക്തനായി ചികിത്സയിലിരിക്കെയാണ് പി ബിജു അന്തരിക്കുന്നത്.

എസ്എഫ്ഐയുടെ സമര തീഷ്ണമായ ഒരു കാലഘട്ടത്തില്‍ ആ സംഘടനയെ നയിച്ച സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പി ബിജുവിന്‍റെ നേതൃപാഠവം അതുല്യമായിരുന്നു. എസ്എഫ്ഐ രൂപീകരണത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ പി ബിജുവിനെ ഓര്‍ത്തെയുക്കുകയാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനില്‍ കുമാര്‍. വികെ പ്രശാന്ത് ഉള്‍പ്പെടെ നിരവധി പേരാണ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഷെയ്ര്‍ ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

എസ്.എഫ്.ഐ രൂപീകരണത്തിൻ്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സഖാവ്. പി ബിജുവിനെ ഓർക്കാതെ നാം എങ്ങനെയാണു കടന്നുപോവുക.
വളരെ സാധാരണയിൽ സാധാരണമായിട്ടുള്ള ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന ചെറുപ്പക്കാരനാണ് സഖാവ് പി.ബിജു. പോളിയോ ബാധിച്ചതിൻ്റെ ഭാഗമായുണ്ടായ ശാരീരികമായ ചില പ്രയാസങ്ങൾ സഖാവിനോടൊപ്പം ഉണ്ടായിരുന്നെങ്കിലും ഏതാണ്ട് 1995ൽ ഗവ. ആർട്സ് കോളേജിലെ വിദ്യാർഥിയായെത്തിയ കാലം മുതൽ 2020ൽ 43ആമത്തെ വയസിൽ മരണം വേർപെടുത്തുന്നതു വരെ ബിജു ഒരു മുഴുവൻ സമയ സംഘടനാ പ്രവർത്തകനായി

കേരളത്തിലെ വിദ്യാർഥി-യുവജന സംഘടനാ സമരമുഖങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
തിരുവനന്തപുരത്തെ എസ്.എഫ്.ഐയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് ഗവ. ആർട്സ് കോളേജ്. ആർട്സ് കോളേജിനകത്ത് സംഘടന എന്നതിനപ്പുറത്ത് മറ്റു ചില രാഷ്ട്രീയ കക്ഷികളുടെ അരാജകത്വവും മാഫിയ സംഘങ്ങളുടെ സ്വാധീനവും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്യാമ്പസ്സിന് പുറത്തുള്ള സാമൂഹ്യവിരുദ്ധ ശക്തികൾ വിദ്യാർഥികളെ പലതരത്തിൽ ചൂഷണം ചെയ്യുന്ന ഘട്ടത്തിൽ ബിജു എസ്.എഫ്.ഐ പ്രവർത്തകനായി അവിടെ എത്തുകയും എല്ലാതരം കൊള്ളരുതായ്മകളും അനീതികളും അവസാനിപ്പിച്ച് അവിടം ഒരു മാതൃകാ ക്യാമ്പസ്‌ ആയി രൂപപ്പെടുത്തുന്നതിന് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തു. കേരളത്തിൽ ആ കാലം മുതൽ പിന്നീട് ഇങ്ങോട്ടുള്ള വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളുടെ ഊർജ്ജ സ്രോതസായി സ.പി ബിജു മാറുകയായിരുന്നു.

ബിജുവിനെ വളരെയധികം സ്വാധീനിച്ച ഒരു വ്യക്തിയായിരുന്നു അച്ഛൻ. വളരെ പ്രയാസമേറിയ സാമ്പത്തിക ചുറ്റുപാടുള്ള, താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം. ബിജുവിന് അച്ഛൻ അസാമാന്യമായ കരുത്തും പ്രചോദനവുമായിരുന്നു. ഞാൻ ബിജുവിനെ പരിചയപ്പെടുന്നത് എസ്.എഫ്.ഐയുടെ നെടുമങ്ങാട് ജില്ലാ സമ്മേളനത്തിലാണ്. എസ്.എഫ്.ഐയുടെ ജില്ലാ ഭാരവാഹികളായി നിരവധി ആളുകളുടെ പേരുകൾ ഉയരുകയും ഇന്നയാൾ ഭാരവാഹിയാകും എന്നെല്ലാം
പത്രത്തിൽ വാർത്തയും പ്രവചനങ്ങളും ഉണ്ടായിരുന്ന കാലമായിരുന്നു.

അതെല്ലാം അസ്ഥാനത്ത് ആക്കിക്കൊണ്ടാണ് യൂണിവേഴ്സിറ്റിയുടെ ഭാരവാഹി ആയിരുന്ന പി.ബിജു എസ്.എഫ്.ഐയുടെ ഭാരവാഹിയായി വരുന്നത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ കലാലയങ്ങളുമായും കലാലയങ്ങളിലെ എല്ലാ സംഘടന നേതൃത്വങ്ങളുമായും നല്ല ആത്മബന്ധമുള്ള ഒരു വിദ്യാർത്ഥി നേതാവായി വളരെ പെട്ടെന്ന് ബിജു മാറുകയായിരുന്നു.

പ്രസംഗ രംഗത്ത് പൊതുവെ ഒരു വൈമുഖ്യം ഉണ്ടായിരുന്ന ആളായിരുന്നു ബിജു. കഴിവില്ലാത്തത് കൊണ്ടായിരുന്നില്ല, മറിച്ച് സഖാവ് ആ രംഗത്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ അവിടെ നിന്ന് ബിജു എസ്.എഫ്.ഐയുടെ സംസ്ഥാന ഭാരവാഹി ആയി മാറി. തന്റെ ഉത്തരവാദിത്തങ്ങൾ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി താനെന്ന വ്യക്തിയിൽ വരേണ്ടുന്ന മാറ്റത്തെ വളരെ കൃത്യതയോടെ തിരിച്ചറിയാനും, സ്വയം നവീകരിച്ചുകൊണ്ട് സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിദ്യാർത്ഥി നേതാക്കളിൽ ഒരാളാകാനും ബിജുവിനു കഴിഞ്ഞു.

അക്കാദമിക് വിഷയങ്ങളേയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെയും വളരെ കൃത്യതയോടെ മനസ്സിലാക്കുകയും അതോടൊപ്പം തന്നെ വളരെ സൂഷ്മതയോടെ ആ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തതാണ് ബിജുവിനെ ഒരു സാധാരണ സംഘടനാ പ്രവർത്തകൻ എന്നതിൽ നിന്നും വ്യത്യസ്തനാക്കിയത്‌. വിദ്യാർത്ഥി സമരങ്ങൾ പ്ലാൻ ചെയ്യുന്നതിലാണെങ്കിലും, വിദ്യാർത്ഥി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലാണെങ്കിലും ഒരു പി.ബിജു എഫക്ട് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന വിദ്യാർത്ഥി സമരത്തിന്റെ മുഖമായി തിരുവനന്തപുരം മാറി. ആ പ്രക്ഷോഭങ്ങളുടെ എല്ലാം മുൻനിരയിൽ നിന്ന് തന്റെ ശാരീരിക പരിമിതികൾ പോലും വകവെക്കാതെ മുന്നോട്ട് വെക്കുന്ന കാൽ ഒരിഞ്ചു പിന്നോട്ട് മാറാതെ, അടികൊണ്ട് നിലത്ത് വീണാലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന ധീരനായ ബിജുവിനെയാണ് പിന്നെ നാം കണ്ടത്.

ബിജുവിനൊപ്പം സമരത്തിൽ പങ്കെടുക്കുകയാണെങ്കിൽ വല്ലാത്ത ആത്മവിശ്വാസവും കരുത്തും തോന്നും. എതിരാളികളോടും പോലീസിനോടുമുള്ള ബിജുവിന്റെ സമീപനം തന്നെ അസാധാരണമായ ധൈര്യവും അപാരമായ മനക്കരുത്തുള്ള ഒരാളുടേതായിരുന്നു. എന്നാൽ അവിടെ നിന്ന് ടെലിവിഷൻ ചർച്ചകളിലും രാഷ്ട്രീയ യോഗങ്ങളിലും ഏറ്റവും സൗമ്യതയോടെ വളരെ കൃത്യമായ രാഷ്ട്രീയ ചാരുതയോടെ താൻ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്ന കാര്യങ്ങൾ വളരെ നന്നായി പഠിച്ചു തന്മയത്വത്തോടെ അവിടെ അവതരിപ്പിക്കുന്ന ബിജുവിനെയാണ് നമ്മൾ കാണുന്നത്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തന രംഗത്ത് താൻ ഉയർത്തി പിടിച്ചനിലപാടുകൾ എങ്ങനെയാണു വിദ്യാഭ്യാസ രംഗത്ത് പ്രായോഗിക പ്രവർത്തനങ്ങളിൽ അവലംബിക്കുക എന്ന് സിൻഡിക്കേറ്റിനകത്ത് പി ബിജു തെളിയിച്ചു. ഞാൻ യുവജനക്ഷേമ ബോർഡ് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. സഖാവ് പി ശ്രീരാമകൃഷ്ണൻ വൈസ് ചെയർമാൻ ആയിരിക്കുമ്പോഴാണ് യൂത്ത് ബ്രിഗേഡ് എന്നൊരു ആശയം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പി ബിജു യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയിരിക്കുമ്പോഴാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുന്നത്.

ആ പ്രളയത്തെ അതിജീവിക്കാൻ യൂത്ത് വോളന്റീർ ആക്ഷൻ ഫോഴ്സ് എന്ന യുവജന സേനയെ രൂപപെടുത്തിയെടുക്കാൻ പി ബിജുവിന് സാധിച്ചു. കേരളത്തിൽ ദുരന്ത നിവാരണത്തിന് പരിശീലനം കിട്ടിയ യുവാക്കളുടെ ഒരു ടീം ഉണ്ടാക്കി എടുക്കാൻ ഭാവനാപൂർണമായ ഇടപെടൽ നടത്താൻ ബിജുവിന് കഴിഞ്ഞു. ക്ലബുകൾക്ക് കേരളോത്സവങ്ങളിൽ പങ്കെടുക്കാനും വിജയിക്കുന്ന ക്ലബുകൾക്ക് മികച്ച സമ്മാനം ഏർപെടുന്നതിൽ മുന്നിൽ നിൽക്കാനും ബിജുവുണ്ടായിരുന്നു.

തൊണ്ണൂറുകൾക്ക് ശേഷം കേരളത്തിൽ നിർജീവമായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളെ പുനരുജ്ജീവിപ്പിക്കാനുള്ള സാംസ്‌കാരിക മുന്നേറ്റമായിരുന്നു അത്. പട്ടിക ജാതി – പട്ടിക വർഗ- ആദിവാസി മേഖലകളിൽ യുവ ക്ലബ്ബുകൾ ആരംഭിക്കാനും ബിജുവിന്റെ നേതൃത്വത്തിൽ സാധിച്ചിരുന്നു. കോവിഡ് രോഗികൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ ഒരു ടീം ഉണ്ടാക്കാനും കോവിഡ് കാലത്തെ മനുഷ്യജീവിതത്തെ സാധാരണമാക്കാനുമുള്ള പ്രവർത്തനങ്ങളിൽ ബിജു സജീവമായിരുന്നു. ഈ ഘട്ടത്തിലാണ് സഖാവ് കോവിഡ് പോസിറ്റീവ് ആകുന്നത്.

വളരെ കൃത്യമായ പ്രത്യയശാസ്ത്ര ധാരണയുള്ള, അതീവ സൂഷ്മമായ ആശയ ദൃഢതയുള്ള, തീക്ഷ്ണമായ സമര നേതൃത്വമായിരുന്ന ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു പി ബിജു. പ്രക്ഷോഭങ്ങളും പോലീസ് അതിക്രമങ്ങളും ശക്തിപെടുമ്പോൾ അവിടെ മീനമാസത്തിലെ കത്തിയുയരുന്ന സൂര്യനെ പോലെ ഏറ്റവും തീക്ഷ്ണതയോടെ സമരമുഖത്ത് നിന്നിരുന്ന ബിജു എന്നും ആവേശയമായി പോരാട്ടങ്ങളിൽ ജ്വലിച്ചു നിൽക്കും.
പോരാട്ടങ്ങളുടെ എസ്.എഫ്.ഐ ഓർമകൾ വീണ്ടെടുക്കുന്ന ഈ സമയത്ത് ബിജുവിൻ്റെ അസാധാരണമായ മനക്കരുത്തും നേതൃപാടവവും നമ്മുടെ സമരങ്ങളെ കൂടുതൽ ശക്തമാക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News