മധ്യകേരളത്തിന് പുതുവത്സര സമ്മാനം; വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നു. ജനുവരി ഒമ്പതിന് മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഗതാഗതകുരുക്കില്‍ ദുരിതമനുഭവിക്കുന്ന കൊച്ചിനിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.

വികസനക്കുതിപ്പിലൂടെ കാലാവധി പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഭിമാനപദ്ധതികളായ രണ്ട് മേല്‍പ്പാലങ്ങളാണ് മധ്യകേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്. കൊച്ചിനിവാസികളുടെ ചിരകാല സ്വപ്നമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. രാവിലെ 9.30ന് വൈറ്റിലയും 11മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇതോടെ ഗതാഗതക്കുരുക്കില്‍ ദുരിതമനുഭവിക്കുന്ന മധ്യകേരളത്തിന് ശാശ്വതപരിഹാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡും പ്രതികൂല കാലാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം തരണം ചെയ്താണ് രണ്ട് മേല്‍പ്പാലങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കേണ്ട ദേശീയപാതയില്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം സാധ്യമാക്കിയത്. ടോള്‍രഹിതമായാണ് ഇവ നാടിന് സമര്‍പ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ക‍ഴിഞ്ഞ ദിവസം കുണ്ടന്നൂർ, വൈറ്റില മേല്‍പ്പാലങ്ങളുടെ ഭാര പരിശോധന പൂർത്തിയാക്കിയിരുന്നു. പരിശോധനയുടെ അന്തിമ റിപ്പോർട്ട്‌ ദേശിയ പാത വിഭാഗം ചീഫ് എഞ്ചിനീയർ സര്‍ക്കാരിന് സമർപ്പിച്ച ശേഷമാണ് ഉത്‌ഘാടന തിയതി പ്രഖ്യാപിച്ചത്. ആറുവരി പാതകളിലായി 717 മീറ്ററാണ് വൈറ്റില മേല്‍പ്പാലത്തിന്‍റെ നീളം. രണ്ട്‌ ഭാഗത്തേക്കുമായി ആറുനിരയില്‍ ഒരേസമയം വാഹനങ്ങള്‍ക്ക് കടന്നു പോകാം. 90 കോടിയോളം രൂപയാണ് മുതല്‍മുടക്ക്. എന്‍.എച്ച് -66, എന്‍.എച്ച്. -966 ബി, എന്‍.എച്ച്. -85 എന്നീ ദേശീയപാതകളാണ് കുണ്ടന്നൂരില്‍ സംഗമിക്കുന്നത്.

വൈറ്റില ക‍ഴിഞ്ഞാല്‍ ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍. 80 കോടി രൂപ മുതല്‍ മുടക്കിയാണ് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയത്. ഇരുവശത്തേക്കും ആറ് വരിപ്പാതകളിലായി 701 മീറ്ററാണ് നീളം. ദേശീയപാത 66ലെ ഏറ്റവും തിരക്കേറിയ വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുകയാണ്. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനപദ്ധതികളില്‍ ഒരു പൊന്‍തൂവല്‍ കൂടിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here