പുതിയ പ്രതീക്ഷകളുമായൊരു പുതുവര്‍ഷം; വായനക്കാര്‍ക്ക് കൈരളി ന്യൂസ് ഓണ്‍ലൈനിന്‍റെ പുതുവത്സരാശംസകള്‍

കാലഗതിയില്‍ മറ്റൊരു വര്‍ഷം കൂടി വിസ്മൃതിയിലേക്കാണ്ട് പോവുകയാണ്. ലോകം പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുന്നു. പുതിയ പ്രതീക്ഷക‍ളും ആഗ്രഹങ്ങളും പ്രത്യാസകളും പുതിയ ദിവസത്തിനൊപ്പം മനുഷ്യന്‍ കൂടെക്കൂട്ടുന്നു.

പോയവര്‍ഷം മനുഷ്യ കുലത്തിന് പുതിയ ചില ജീവിത രീതികളെ, ആഘോഷ രീതികളെയൊക്കെ പരിചയപ്പെടുത്തിയ കാലമാണ്. നമ്മള്‍ വീടുകളിലേക്കും വീട്ടുകാരിലേക്കും കൂടുതല്‍ അടുത്തൊരു കാലമാണ് കടന്നു പോയത്. അകന്നിരിക്കുമ്പോ‍ഴും ചേര്‍ത്തു പിടിച്ച് പരസ്പരം കരുത്തും കരുതലുമാവുന്ന മാന്ത്രികതയ്ക്കാണ് നമ്മള്‍ സാക്ഷികളായത്.

സാമൂഹ്യ ലോകക്രമത്തിന് മേല്‍ കരിനി‍ഴല്‍ വീ‍ഴ്ത്തി കൊവിഡ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു വര്‍ഷം പിന്നിടുന്നു. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലോകത്തിന്‍റെ ആദ്യ പ്രതീക്ഷ ഈ മഹാമാരിക്ക് അറുതിവരുത്തുന്ന വാക്സിന്‍ തന്നെയാണ് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ പലമേഖലകളില്‍ നിന്നും വരുന്നുണ്ട്.

കൊവിഡ് വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാവും. കൊവിഡ് വാക്സിന്‍ വിതരണത്തിന്‍റെ മുന്നൊരുക്കമെന്നോണം ഡ്രൈ റണ്ണിന് ഒരുങ്ങുകയാണ് പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍.

പോരാളികളുടെയും പോരാട്ടങ്ങളുടെയും വര്‍ഷം കൂടിയാണ് നമ്മള്‍ പിന്നിട്ടത്. പോയവര്‍ഷ നമ്മള്‍ തുടങ്ങിയത്. പൗരത്വ നിയമമെന്ന കേന്ദ്രകരിനിയമത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടാണെങ്കില്‍ 2020 അവസാനിക്കുന്നത് കര്‍ഷകര്‍ക്കെതിരായ കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യ വ്യാപകമായി നടക്കുന്ന കര്‍ഷക പോരാട്ടങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടാണ്.

ലോകക്രമമാകെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും മനസിലാക്കിയൊരു കാലഘട്ടം കൂടിയാണ് കടന്നു പോയത്. സമ്പന്നമായ മുതലാളിത്ത രാജ്യങ്ങളും തരിച്ചുനിന്ന കൊവിഡ് പ്രതിസന്ധിയില്‍ ലോകത്തിനാകെ പ്രതീക്ഷയും പ്രത്യാശയും കരുതലും നല്‍കിയത് കമ്യൂണിസ്റ്റ് രാജ്യങ്ങളാണ്. ജനജീവിതത്തിലെ പ്രയാസങ്ങളെ അഭിസംബോധന ചെയ്തതും കമ്യൂണിസ്റ്റ് ആശയങ്ങല്‍ പിന്‍പറ്റുന്നവര്‍ തന്നെ. അറുപിന്‍തിരിപ്പനും തീവ്രവലതുപക്ഷ വാദിയുമായ ട്രംപിന്‍റെ പതനം കണ്ടവര്‍ഷവും കൂടിയാണ് നാം കടന്നുപോയത്.

സംസ്ഥാനത്തെ ജനങ്ങളെ പോയപ്രതിസന്ധിയുടെ കാലത്ത് എല്ലാ തരത്തിലും ചേര്‍ത്തുപിടിച്ചൊരു സര്‍ക്കാര്‍. പ്രതിസന്ധിയുടെ പുതുവര്‍ഷത്തിലും പുതിയ പ്രതീക്ഷയും കരുത്തും നല്‍കുന്ന തീരുമാനങ്ങള്‍ കൊണ്ട് നമുക്കൊപ്പം നില്‍ക്കുന്നു. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ 1500 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. കൊവിഡ് കാലത്ത് സംസ്ഥാനം ആരംഭിച്ച സൗജന്യ റേഷന്‍ പുതുവര്‍ഷത്തിലും തുടരുകയാണ്.

സ്ത്രീ മുന്നേറ്റത്തില്‍ ഒരുചുവടുകൂടി മുന്നോട്ടുവച്ച് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടില്‍ സ്ത്രീസമൂഹത്തിന്‍റെ ഇടപെടലുകള്‍ക്ക് കൂടുതല്‍ സജീവത നല്‍കുന്ന തീരുമാനത്തോടെയാണ് ഒരു വര്‍ഷം കടന്നുപോയത്. ആ സാമൂഹിക ഇടപെടലുകളെ ചരിത്രത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒരു വര്‍ത്തമാന കാലത്തേക്കാണ് പുതുവര്‍ഷത്തിനൊപ്പം നമ്മള്‍ ചുവടുവയ്ക്കുന്നത്.

പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ തുടക്കമാണ് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മാസങ്ങളായി മുടങ്ങിക്കിടന്ന ക്ലാസ് മുറിയിലെ അധ്യായനം ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്. പ്രതിസന്ധിയുടെ കാലത്ത് നിശ്ചലമായിരിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ നാം നടപ്പിലാക്കിയ മാറ്റങ്ങള്‍ നൂതനമായ പഠന രീതികള്‍ എല്ലാം ലോകശ്രദ്ധ നേടി.

അടിസ്ഥാന സൗകര്യങ്ങളിലും വിപ്ലവകരമായ കുടിപ്പാണ് കൊവിഡ് കാലഘട്ടത്തിലും കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗം കൈവരിച്ചത്. ഈ മാറ്റം നേരിട്ട് അൻുഭവിക്കാന്‍ കൂടിയാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സമൂഹം ഇന്ന് വിദ്യാലയത്തിന്‍റെ പടികയറുന്നത്.

പുതിയ അനുഭവങ്ങളിലേക്ക് നടക്കുന്ന, പുതിയ പ്രതീക്ഷകളിലേക്ക് കണ്ണെറിയുന്ന എല്ലാവര്‍ക്കും കൈരളി ന്യൂസ് ഓണ്‍ലൈനിന്‍റെ പുതുവത്സരാശംസകള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News