നാലുവര്‍ഷം, 6.8 ലക്ഷം കുട്ടികള്‍; കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ വിജയം പങ്കുവച്ച് തോമസ് ഐസക്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികച്ച വിജയമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് ധനമന്ത്രി തോമസ് ഐസക്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ ഈ മുന്നേറ്റത്തിന് വേഗം കൂട്ടിയെന്നും തോമസ് ഐസക് പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഈ അധ്യയന വർഷം (2020-21) ൽ 1.5 ലക്ഷം കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പൊതുവിദ്യാലയങ്ങളിൽ പുതിയതായി പ്രവേശനം നേടുമെന്നാണ് ഞാൻ പ്രസംഗിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഡിസംബർ 28 വരെയുള്ള കണക്കുകൾ വന്നപ്പോൾ 1.75 ലക്ഷം കുട്ടികൾ പ്രവേശനം നേടിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയശേഷം നാലു വർഷത്തിനുള്ളിൽ 6.8 ലക്ഷം കുട്ടികൾ അങ്ങനെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് തിരിച്ചുവന്നു. ഇതിൽപ്പരം എന്ത് അംഗീകാരമാണ് സർക്കാരിനു വേണ്ടത്? 6.8 ലക്ഷം രക്ഷകർത്താക്കൾ തങ്ങളുടെ മക്കളുടെ ഭാവി ഈ സർക്കാരിൽ സുരക്ഷിതമാണെന്നു മനസ്സിലാക്കി കുട്ടികളെ സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും ചേർത്തു.

ഈ വർഷം ഒന്നാം ക്ലാസിൽ മാത്രം 8,170 കുട്ടികൾ മുൻവർഷത്തേക്കാൾ കൂടുതലായി പ്രവേശനം നേടി. ഇങ്ങനെ ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിലാണ് – മുൻവർഷത്തേക്കാൾ 43,789 കുട്ടികൾ അധികം. എട്ടാം ക്ലാസിൽ അധികമായി വന്നത് 35,606 കുട്ടികളാണ്. അങ്ങനെ സർക്കാർ – എയിഡഡ് മേഖലയിൽ 1,75,304 കുട്ടികൾ അധികമായി പ്രവേശനം നേടി.

പൊതുവിദ്യാഭ്യാസ മേഖലയിൽ 33,75,304 കുട്ടികളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 47,760 കുട്ടികളുടെ വർദ്ധനവുണ്ടായി. അതേസമയം അൺ എയിഡഡ് വിദ്യാലയങ്ങളിൽ മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 91,510 പേരുടെ കുറവുണ്ടായി. 2016-17നെ അപേക്ഷിച്ച് 85,493 കുട്ടികളുടെ വർദ്ധന പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായി. ഓർക്കേണ്ട കാര്യം 2016 വരെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം തുടർച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 4,99,450 കുട്ടികൾ കുറയുകയാണുണ്ടായത്.

ഈ കണക്ക് വായിച്ച സുഹൃത്ത് ചോദിച്ച ഒരു സംശയം നിങ്ങളിൽ പലർക്കും ഉണ്ടാകാം. 6.8 ലക്ഷം കുട്ടികൾ ചേർന്നിട്ടും 85,493 കുട്ടികളുടെ വർദ്ധവേ ഉണ്ടായിട്ടുള്ളോ? അതെ, കാരണം ലളിതമാണ്. എല്ലാ വർഷവും 10-ാം ക്ലാസിലെ കുട്ടികൾ കൊഴിഞ്ഞു പോകുന്നുണ്ട്. അതുകഴിഞ്ഞ് ഉണ്ടാകുന്ന അസൽ വർദ്ധനവാണ് 85,493.
കൈറ്റ് തയ്യാറാക്കിയ സമ്പൂർണ്ണ സ്കൂൾ മാനേജ്മെന്റ് പോർട്ടലിൽ നിന്നാണ് ഈ കണക്കുകൾ. ഈ വർഷത്തെ പ്രവേശന നടപടികൾ കൊവിഡ് കഴിഞ്ഞ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തകർപ്പൻ വിജയം നേടിയെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News