ഡോളര്‍ കടത്ത് കേസ്; യു എ ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും. കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്യുക.ഇരുവരോടും കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ തിങ്കളാഴ്ച്ച ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കി.

ഡോളര്‍ കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.കോണ്‍സുല്‍ജനറലിന്റെയും അറ്റാഷെയുടെയും അറിവോടെ ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ യു എസ് ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് സ്വപ്നയുടെ മൊഴി.

ഈ സാഹചര്യത്തിലാണ് ഇരുവരുടെയും ഡ്രവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.കോണ്‍സുല്‍ ജനറലും അറ്റാഷെയും എവിടെയൊക്കെ സഞ്ചരിച്ചു,ആരുമായൊക്കെ സാമ്പത്തിക ഇടപാട് നടത്തി എന്നത് സംബന്ധിച്ച് ഡ്രവര്‍മാര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ ശേഖരിക്കലാണ് കസ്റ്റംസിന്റെ ലക്ഷ്യം.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാരെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.കേസ് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ്തന്നെ കോണ്‍സുല്‍ ജനറലും അറ്റാഷെയും കേരളം വിട്ടിരുന്നു.വിദേശ പൗരന്‍മാരായതിനാല്‍ ഇരുവരെയും ചോദ്യം ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്.

അറ്റാഷെ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിക്ക് വേണ്ടി കസ്റ്റംസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.ഇതിനിടെയാണ് ഇരുവരുടെയും ഡ്രൈവര്‍മാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

അതേ സമയം കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസിന് കോടതിയില്‍ നിന്ന് നേരത്തെ അനുമതി ലഭിച്ചിരുന്നു.ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

കേരളത്തില്‍ നിന്നും 1.90 ലക്ഷം യു എസ് ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണ് ഖാലിദിനെതിരെയുള്ള ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News