രാജ്യത്ത് കോവിഷീല്‍ഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ

ഇന്ത്യയിൽ കോവിഷീല്‍ഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധസമിതി ശുപാര്‍ശ. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയാണ് വാക്‌സിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കിട്ടിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.

ഓക്സ്ഫോഡ് സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. സിറം 50 ദശലക്ഷം ഡോസുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും രാജ്യത്ത് ഉപയോഗിച്ചേക്കും. മറ്റ് രണ്ട് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുകയാണ്.

അതേസമയം, ഫൈസര്‍ കോവിഡ് വാക്സീന്‍ അടിയന്തര ഉപയോഗത്തിന് ഡബ്യുഎച്ച്ഒയുടെ അനുമതി ലഭിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന ആദ്യ കോവിഡ് വാക്സീന്‍ ആണ് ഫൈസര്‍ കോവിഡ് വാക്സീന്‍.

എന്നാല്‍ ഓരോ രാജ്യത്തും വാക്സീന്‍ ലഭ്യമാക്കണമെങ്കില്‍ ആ രാജ്യത്തെ റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

ലോകാരോഗ്യസംഘടനയുടെ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്സിന് അനുമതി നല്‍കുന്നതില്‍ നിര്‍ണായ സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here