സിനിമാശാലകള്‍ ജനുവരി 5 മുതല്‍ തുറക്കാം; പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാവൂ; നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമാശാലകള്‍ ജനുവരി അഞ്ചു മുതല്‍ തുറക്കാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ തിയറ്ററുകള്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

സിനിമാശാലകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിയറ്ററിലെ സീറ്റിന്‍റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അതോടൊപ്പം, ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കേണ്ടതാണ്.

അതേസമയം സംസ്ഥാനത്തെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താനും അനുമതി ലഭിച്ചു.

‘ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്‍റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കും. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക.’- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News