മിടുക്കികളായ മേയറെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും കാണുമ്പോൾ അഭിമാനം : മഞ്ജു വാര്യർ ,മഞ്ജു ചേച്ചി ഏറെ സ്വാധീനിച്ച വ്യക്തി എന്ന് ജനപ്രതിനിധികൾ.

പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുത്തൻ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്തത് ഇതിനകം തന്നെ വാർത്തയായി കഴിഞ്ഞു .

ഏവര്‍ക്കും ആവേശമായി മാറിയ പെണ്‍കരുത്തുകള്‍ ആണ് ഇത്തവണത്തെ ജെ ബി ജംഗ്‌ഷന്റെ ആകർഷണം .പല റെക്കോഡുകളും തകര്‍ത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രനും ,സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആയ രേഷ്മ മറിയം റോയിയും,പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചേര്‍ന്ന് നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയ ശാരുതിയും,സാമൂഹിക സേവനവും സംഘടനാ പ്രവർത്തങ്ങളും മുതൽക്കൂട്ടാക്കി പഞ്ചായത്ത് ഭരിക്കുന്ന പ്രിയങ്കയും അമൃതയും ജെ ബി ജംഗ്‌ഷനിലൂടെ ഒരുമിക്കുകയായിരുന്നു.
ഇവരെല്ലാവരും ആദ്യമായാണ് നേരിട്ട് ഒത്തുകൂടുന്നത് .അതിനു വേദിയായതാകട്ടെ ജെ ബി ജംഗ്ഷനും . ഇതു വരെ തമ്മില്‍ കണ്ടിട്ടില്ലാത്ത മേയറും പഞ്ചായത്ത് പ്രസിഡന്റുമാരും ചേര്‍ന്ന് ജെ ബി ജംഗ്ഷന്‍ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു.
പഠനത്തിനും കലാപ്രവർത്തനങ്ങൾക്കും സംഘടനാ പ്രവർത്തങ്ങൾക്കുമൊപ്പം സിനിമാപ്രേമികൾ കൂടിയായ ഇവരെ ജെബി ജംഗ്‌ഷനിൽ തേടി വന്നതാകട്ടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആശംസയും .മിടുക്കികൾ പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ  സന്തോഷവും അഭിമാനമുണ്ടെന്നാണ് മഞ്ജു പറഞ്ഞത് .

“മിടുക്കികൾ പങ്കെടുത്ത ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു.സ്ത്രീ മുന്നേറ്റം എല്ലാ മേഖലയിലും നടക്കുന്നതിന് ഏവരും സാക്ഷിയായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.വളരെ ഊർജ സ്വലരായി ഭരണരംഗത്ത് എത്തിയ മേയർ ആര്യ ,പഞ്ചായത്ത് പ്രസിഡന്റ്‌മാരായ രേഷ്മ ശാരുതി അമൃത പ്രിയങ്ക എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങൾ .എനിക്ക് അവരോട് ചോദിക്കാൻ . ചോദ്യങ്ങൾ ഒന്നുമില്ല .ഇനി മുതൽ ഞങ്ങളെയൊക്കെ പ്രതിനിധീകരിച്ച് ഞങ്ങൾക്ക് വേണ്ടി ചോദ്യങ്ങൾ ചോദിക്കേണ്ടത് ഇവരൊക്കെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് . ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും ഇവരെ എല്ലാവരെയും ഞാൻ അറിയിക്കുകയാണ് ഒരിക്കൽ കൂടി നന്ദി”

മഞ്ജു തങ്ങളുടെ ജീവിതത്തെ പലപ്പോഴും സ്പർശിച്ചിട്ടുണ്ട് എന്ന് ജനപ്രതിനിധികൾ ഒരേ സ്വരത്തിൽ ,പറഞ്ഞു .ആര്യയ്ക്ക് ഉദാഹരണം സുജാതയും രേഷ്മക്ക് ഹൌ ഓൾഡ് ആർ യു ആണ് മഞ്ജുവിന്റെ ഇഷ്ട്ട ചിത്രങ്ങൾ. മഞ്ജു എപ്പോഴും എടുക്കുന്ന തീരുമാനങ്ങൾ, നിലപാടുകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും മേയർ ആര്യ പറഞ്ഞു.മഞ്ജുവിന് വേണ്ടി വരമഞ്ഞൾ  എന്ന മനോഹരഗാനം ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അമൃത പാടി സമ്മാനിക്കുകയും ചെയ്തു.

ജനപ്രതിനിധികൾ പങ്കെടുക്കുന്ന ജെ ബി ജംഗ്‌ഷൻ ഇന്നും നാളെയും രാത്രി 9 മണിക്ക് കൈരളി ടീ വിയിലും ,10 മണിക്ക് കൈരളി ന്യൂസിലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here