മുടങ്ങിപ്പോയ പ്രതിരോധകുത്തിവയ്പുകള്‍ക്കായി ഐഎപിയുടെ ‘കവചം 2021’

തിരുവനന്തപുരം: കോവിഡ് കാലത്ത് മുടങ്ങിപ്പോയ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകള്‍ പുനരാരംഭിക്കുന്നതിന് ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് വഴിയൊരുക്കുന്നു.

‘കവചം 2021’എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതി വഴി മുടങ്ങിപ്പോയ പ്രതിരോധകുത്തിവയ്പുകള്‍ നല്‍കുന്നതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ രോഗപ്രതിരോധ കുത്തിവയ്പ് നൂറുശതമാനമായി ഉയര്‍ത്തുന്നതിനും ഐഎപി ലക്ഷ്യമിടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

മുന്‍കാലങ്ങളിലുണ്ടായിരുന്ന പല മാരകരോഗങ്ങളെയും നിയന്ത്രിച്ചുനിര്‍ത്തിയിരിക്കുന്നത് വാക്സിനുകളുടെ കൃത്യമായ ഉപയോഗം കൊണ്ടാണ്. ചെറിയ കുട്ടികള്‍ക്ക് പൂര്‍ണമായ കുത്തിവെയ്പുകള്‍ നല്‍കാതെ സ്കൂളിലേയ്ക്കുവിട്ടാല്‍ നിലവില്‍ നിയന്ത്രണവിധേയമായിരിക്കുന്ന പല മാരകരോഗങ്ങളും തിരികെ വരാന്‍ സാധ്യതയുണ്ട്.

ഈ അവബോധം ജനങ്ങളിലേയ്ക്കെത്തിയ്ക്കുന്നതിനും കവചം 2021 എന്ന പുതിയ പദ്ധതി വഴി സാധിക്കും. ജില്ലയിലെ കുത്തിവയ്പ് മുടങ്ങിപ്പോയ കുട്ടികളുടെ വിവരശേഖരണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ ദൗത്യം പൂര്‍ത്തിയായാലുടന്‍ പ്രതിരോധ കുത്തിവയ്പുകള്‍ ആരംഭിക്കും.

ശരിയായ ശാസ്ത്രീയ അവബോധത്തിലൂടെയും ഏകോപനപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഡി എം ഒ ഡോ ഷിനു വ്യക്തമാക്കി. ഡി എം ഒ ഓഫീസിൽ നടന്ന ചടങ്ങിൽ
ഐഎപി പ്രസിഡന്‍റ് ഡോ എ സന്തോഷ് കുമാര്‍, ഡി പി എം ഡോ അരുണ്‍, ഐ എ പി സെക്രട്ടറി ഡോ കെ എസ് പ്രവീണ്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ ദിവ്യ എന്നിവര്‍ സംസാരിച്ചു.

കവചം ലോഗോ പ്രകാശനവും ശിശുരോഗവിദഗ്ധര്‍ ഉത്തരം നല്‍കുന്ന ഇമ്മ്യൂണൈസേഷന്‍ ഹെല്‍പ് ലൈനിന്‍റെ ഉദ്ഘാടനവും ഡി എം ഒ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here