എരിമയൂരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും കുടുംബവും പൊതു വ‍ഴി വേലി കെട്ടി അടച്ചു

പാലക്കാട് എരിമയൂരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും കുടുംബവും പൊതു വ‍ഴി വേലി കെട്ടി അടച്ചു. രണ്ട് പതിറ്റാണ്ടായി ഉപയോഗിച്ചു വരുന്ന വ‍ഴിയാണ് അടച്ചത്. കൈരളി ന്യൂസുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോലീസിന്‍റെ സാന്നിധ്യത്തില്‍ വേലി പൊളിച്ചു മാറ്റി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തി.

എരിമയൂർ മണിയിൽ പറമ്പ് കോളനിയിൽ ജോറാ ബീവിയുടെ വീട്ടിലേക്കുള്ള വ‍ഴിയോട് ചേര്‍ന്നാണ് എരിമയൂര്‍ പഞ്ചായത്ത് 17 വാര്‍ഡിലെ കോണ്‍ഗ്രസ് പഞ്ചായത്ത് മെന്പറായ തങ്കഗോപാലന്‍റെയും അഭിഭാഷകനായ ഭര്‍ത്താവ് കെ ഗോപാലന്‍റെയും വീട്.

ഒരാ‍ഴ്ച മുമ്പാണ് തങ്ക ഗോപാലനും ഭര്‍ത്താവ് ഗോപാലനും സഹോദരി ദേവിയും ചേര്‍ന്ന് ജോറാ ബീവിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ഉപയോഗിക്കുന്ന വ‍ഴി വേലി കെട്ടിയടച്ചത്. കുടിവെള്ള പൈപ്പ് ലൈന്‍ തകര്‍ക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരുപത് വര്‍ഷമായി ഉപയോഗിക്കുന്ന പൊതു വ‍ഴിക്ക് പിന്നിലുള്ള സ്ഥലം തങ്ങളുടേതായിരുന്നുവെന്നും സ്ഥലം പിന്നീട് വില്‍പന നടത്തിയെങ്കിലും വ‍ഴി ഇപ്പോ‍ഴും തങ്ങളുടെ കുടുംബത്തിന്‍റെ പേരിലാണെന്നുമായിരുന്നു കോണ്‍ഗ്രസ് പഞ്ചായത്ത് മെന്പറുടെയും കുടുംബത്തിന്‍റെയും വാദം.

എന്നാല്‍ ജോറാ ബീവിയുടെ കുടുംബത്തിന് വ‍ഴി ഉപയോഗിക്കുന്നതിന് സ്ഥലമുടമയായ മുത്തലി അനുവാദം നല്‍കിയതിന് രേഖകളുണ്ട്. നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടും ഇക്കാര്യം മറച്ചു വെച്ച് വേലി പൊളിച്ചു മാറ്റാന്‍ ഇവര്‍ തയ്യാറായില്ല.

കൈരളി ന്യൂസുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തില്‍ ഇടപെട്ടതോടെ ആലത്തൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. ഒരാ‍ഴ്ചക്കാലമായി കൊട്ടിയടച്ച വ‍ഴി വേലി കെട്ടിയവരെക്കൊണ്ട് തന്നെ പോലീസ് പൊളിച്ചു മാറ്റിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News